നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ മേല്‍നോട്ട ചുമതലയില്‍ എസ് ശ്രീജിത്ത് ഐ പി എസ് ഇല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പുതിയ ക്രൈംബ്രാഞ്ച് മേധാവി ഷേഖ് ദര്‍വേഷ് സാഹിബിനാണ് അന്വേഷണ മേല്‍നോട്ട ചുമതലയെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ശ്രീജിത്തിന്റെ സ്ഥലമാറ്റത്തെ തുടര്‍ന്നാണ് പുതിയ അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.
ഉദ്യോഗസ്ഥനെ മാറ്റി പുതിയ ഉദ്യോഗസ്ഥനു ചുമതല നല്‍കിയതിന്റെ ഉത്തരവും അന്വേഷണ പുരോഗതിയും അറിയിക്കാന്‍ സര്‍ക്കാരിനോടു ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. അന്വേഷണ ചുമതലയില്‍നിന്നു ശ്രീജിത്തിനെ മാറ്റിയതിനെതിരെ സംവിധായകന്‍ ബൈജു കൊട്ടാരക്കര നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിര്‍ദേശം.
അതേസമയം, നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി പരിഗണിക്കുന്നത് വിചാരണക്കോടതി മേയ് 26-ലേക്ക് മാറ്റി. കേസില്‍ ദിലീപ് തെളിവുകള്‍ നശിപ്പിച്ചിട്ടുണ്ടെന്നും അതിനാല്‍ ജാമ്യം റദ്ദാക്കണമെന്നുമായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. എന്നാല്‍ പ്രോസിക്യൂഷന്റെ വാദത്തിന് മതിയായ തെളിവുകളില്ലെന്ന് കോടതി വ്യക്തമാക്കി. 26-ന് ഹര്‍ജി പരിഗണിക്കുമ്പോള്‍ എല്ലാ തെളിവുകളും ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
വധഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് പോലീസ് കണ്ടെത്തിയ വിവരങ്ങള്‍ പ്രോസിക്യൂഷന്‍ വ്യാഴാഴ്ച കോടതിയെ അറിയിച്ചിരുന്നു. ദിലീപ് ഫോണിലെ ചാറ്റുകള്‍ നശിപ്പിച്ചിട്ടുണ്ടെന്നും ഇതിന് തെളിവുകളുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ ഇതിന് നടിയെ ആക്രമിച്ച കേസുമായി എന്ത് ബന്ധമാണുള്ളതെന്നായിരുന്നു കോടതിയുടെ ചോദ്യം. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട തെളിവുകളാണോ ദിലീപ് നശിപ്പിച്ചതെന്നും കോടതി ചോദിച്ചിരുന്നു.