തര്‍ക്കത്തിനിടെ ഒരാള്‍ മരിച്ച കേസില്‍ പഞ്ചാബ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ നവ്ജ്യോത് സിങ് സിദ്ദുവിന് ഒരു വര്‍ഷം തടവ് ശിക്ഷ. 34 വര്‍ഷം മുമ്പ് റോഡിലുണ്ടായ തര്‍ക്കത്തില്‍ ഒരാളെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസിലാണ് സുപ്രീംകോടതി സിദ്ദുവിനെ ശിക്ഷിച്ചത്.
1988 ഡിസംബര്‍ 27നാണ് കേസിന് ആസ്പദമായ സംഭവം. വാഹനം നടുറോഡില്‍ പാര്‍ക്ക് ചെയ്ത സിദ്ദുവിനെ മറ്റൊരു വാഹനത്തില്‍ വന്ന ഗുര്‍ണാം സിങ് ചോദ്യം ചെയ്യുകയും തുടര്‍ന്ന് അടിപിടിയുണ്ടാവുകയും ചെയ്തു. പരുക്കേറ്റ ഗുര്‍ണാം സിങ് ആശുപത്രിയില്‍ വച്ച് മരിക്കുകയും ചെയ്തിരുന്നു. പഞ്ചാബ് ഹരിയാന ഹൈക്കോടതി മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കു 3 വര്‍ഷം തടവിനു വിധിച്ചെങ്കിലും 2018ല്‍ സുപ്രീം കോടതി ശിക്ഷ 1,000 രൂപ പിഴയിലൊതുക്കി.
മരിച്ചയാളുടെ ബന്ധുക്കള്‍ നല്കിയ പുനഃപരിശോധനാ ഹര്‍ജിയിലാണ് സുപ്രീം കോടതി ഒരു വര്‍ഷത്തെ തടവുശിക്ഷ വിധിച്ചത്. ജസ്റ്റിസ് മാരായ എ എം ഖാന്‍വില്‍ക്കര്‍, സഞ്ജയ് കിഷന് കൗള്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.