അഫഗാനിസ്ഥാനില്‍ പെണ്‍കുട്ടികള്‍ക്ക് ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനായി സ്‌കൂളിലേക്ക് പോകാന്‍ അനുവദിക്കുമെന്ന ‘വാഗ്ദാനം’ ആവര്‍ത്തിച്ച് താലിബാന്‍. താലിബാന്റെ ആക്ടിങ് ആഭ്യന്തര മന്ത്രി സിറാജുദ്ദീന്‍ ഹഖ്ഖാനിയാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ‘വികൃതികളായ പെണ്ണുങ്ങള്‍’ വീട്ടില്‍ത്തന്നെ തുടരുമെന്നും ഹഖ്ഖാനി കൂട്ടിച്ചേര്‍ത്തു.
‘താലിബാന്‍ ഭരണത്തില്‍ വീടിന് പുറത്തിറങ്ങാന്‍ ഭയക്കുന്നവര്‍ വീട്ടില്‍ തന്നെ കഴിയണം. വികൃതികളായ സ്ത്രീകളെ ഞങ്ങള്‍ വീട്ടിലിരുത്തും. നിലവിലെ സര്‍ക്കാരിനെ ചോദ്യം ചെയ്യുന്നതിനായി മറ്റ് ശക്തികളുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെയാണ് വികൃതികള്‍ എന്നുദേശിച്ചത്. ആറാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥിനികള്‍ക്ക് നിലവില്‍ സ്‌കൂളില്‍ പോകാന്‍ അനുമതിയുണ്ട്. അതിന് മുകളിലുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥിനി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നടപടി സ്വീകരിച്ചുവരികയാണ്. ‘നല്ല വാര്‍ത്ത’ ഉടന്‍ ഉണ്ടാകും. എന്നാല്‍ സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചവര്‍ വീട്ടില്‍ തന്നെ കഴിയേണ്ടി വരും’- ഹക്കാനി വ്യക്തമാക്കി.
താലിബാനെതിരെ പ്രതിഷേധിച്ച സ്ത്രീകളെ വീട്ടില്‍ത്തന്നെ തളച്ചിടുമെന്നാണ് ഹഖ്ഖാനി പറഞ്ഞത്. പെണ്‍കുട്ടികളെ സ്‌കൂളില്‍ വിടാന്‍ അനുവദിക്കുമെന്നു നിരവധി തവണ പറഞ്ഞെങ്കിലും മാര്‍ച്ചില്‍ ആ തീരുമാനത്തില്‍നിന്ന് താലിബാന്‍ പിന്നോട്ടുപോയിരുന്നു.
താലിബാന്‍ ഭരണത്തെ പേടിച്ചു വീടിനു പുറത്തിറങ്ങാന്‍ മടിക്കുന്ന സ്ത്രീകളെക്കുറിച്ചു ചോദിച്ചപ്പോഴാണ് ‘അനുസരണംകെട്ട പെണ്ണുങ്ങളെ ഞങ്ങള്‍ വീട്ടില്‍ത്തന്നെ താമസിപ്പിക്കും’ എന്ന് ഹഖ്ഖാനി മറുപടി പറഞ്ഞത്. അനുസരണംകെട്ട പെണ്ണുങ്ങള്‍ എന്ന തമാശ കൊണ്ട് ഉദ്ദേശിച്ചത് നിലവിലെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ മറ്റു കേന്ദ്രങ്ങളുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചവര്‍ എന്നാണെന്നും ഹഖ്ഖാനി പിന്നീട് വിശദീകരിച്ചു.
ഹിജാബ് ധരിക്കുന്നതിനായി ഞങ്ങള്‍ സ്ത്രീകളെ നിര്‍ബന്ധിക്കുന്നില്ല. ഹിജാബ് നിര്‍ബന്ധിതമല്ല. എന്നാല്‍ എല്ലാവരും പാലിക്കേണ്ട ഇസ്ലാമിക നിയമമാണ്. ഹിജാബ് ധരിക്കണമെന്ന് ഞങ്ങള്‍ ഉപദേശിക്കുക മാത്രമാണ് ചെയ്യുന്നതെന്നും ഹക്കാനി പറഞ്ഞു.