കാലപ്പഴക്കവും വീതിയില്ലായ്മയും കാരണം ഗതാഗത പ്രശ്നം നിലനിൽക്കുന്ന പൂനൂർ പാലത്തിന് ശാപമോക്ഷമാകുന്നു. പഴയപാലം നിലനിർത്തിക്കൊണ്ടുതന്നെ സമീപത്ത് പുതിയ പാലം നിർമ്മിക്കും. ഇതിനായി പുരുഷൻ കടലുണ്ടി എം.എൽ.എയുടെ നിദ്ദേശപ്രകാരം കിഫ്ബിയിൽ നിന്ന് 10 കോടി രൂപ അനുവദിച്ചിരുന്നു. കൊയിലാണ്ടി താമരശ്ശേരി റൂട്ടിൽ പൂനൂർ അങ്ങാടിയിൽ പഴയ പാലത്തിനോട് ചേർന്ന് ഇടത് വശത്തായി 28 മീറ്റർ വീതമുള്ള 2 സ്പാനുകളായി 9.5 മീറ്റർ വീതിയിൽ പാലവും,1.5 മീറ്റർ വീതിയിൽ ഒരു വശത്ത് ഫുഡ് പാത്തും ഉൾപ്പെടുത്തിയാണ് പുതിയ പാലം നിർമ്മിക്കുന്നത്. ഇരുവശങ്ങളിലുമായി 140 മീറ്റർ നീളത്തിൽ അപ്രോച്ച് റോഡും നിർമ്മിക്കന്നുണ്ട്. പാലം നിർമ്മാണത്തിന് മാത്രമായി 47868452 രൂപയാണ് കിഫ്ബി അനുമതി നൽകിയിട്ടുള്ളത്. ടെണ്ടർ നടപടി മാത്രമാണ് ബാക്കിയുള്ളത്.
പാലം കടന്നു പോവുന്ന ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥല കയ്യേറ്റ പ്രശ്നത്തിനും പരിഹാരമായി. ഇത് സംബസിച്ച സർവ്വെ നടപടിയാണ് ഇന്നലെ (മെയ് 18) പൂർത്തിയായത്. പുരുഷൻ കടലുണ്ടി എം.എൽ.എ, ഉണ്ണിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിനോയ്. ടി, പൊതുമരാമത്ത് വകുപ്പ് (പാലം വിഭാഗം) അസി.എക്സികുട്ടീവ് എഞ്ചിനിയർ ഷിനി എൻ.വി എന്നിവർ സ്ഥലത്തിന്റെ സർവ്വെ നടപടികളിൽ പങ്കെടുത്തു.