കൊല്ലം∙ ജോണി നെല്ലൂർ പാർട്ടി വിട്ടത് യുഡിഎഫിനെ ബാധിക്കില്ലെന്നും അദ്ദേഹം പ്രധാനപ്പെട്ട നേതാവാണെന്ന് കരുതുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരള കോൺഗ്രസിന്റെ പ്രതിനിധിയായാണ് യുഡിഎഫ് യോഗങ്ങളിൽ പങ്കെടുത്തിരുന്നത്. അദ്ദേഹം കേരള കോൺഗ്രസ് വിട്ടതോടെ അവർ മറ്റൊരാളെ പ്രതിനിധിയായി അയയ്ക്കും.
ഏറെ നാളായി അതൃപ്തി പ്രകടിപ്പിച്ച് മുഖ്യധാരയിൽ നിന്നും അകന്നു നിൽക്കുകയായിരുന്നു എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. വർഗീയ, ഫാഷിസ്റ്റ് നടപടിക്കെതിരായ നിലപാട് സ്വീകരിക്കാത്തവരെ യുഡിഎഫിനും കോൺഗ്രസിനും ആവശ്യമില്ലെന്ന് സതീശൻ പറഞ്ഞു.
അരമനകളിലെല്ലാം കയറിയിറങ്ങിയിട്ടും ജോണി നെല്ലൂരിനെ മാത്രമേ കിട്ടിയുള്ളു എന്നത് ബിജെപിയുടെ ഗതികേടിനെയാണ് കാണിക്കുന്നതെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ പറഞ്ഞു. ജോണി നെല്ലൂരിന്റെ രാജിക്കു പിന്നിൽ നിഗൂഢലക്ഷ്യമെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫ് അറിയിച്ചു.