കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്‍റെ ഇന്ത്യാസന്ദർശനം റദ്ദാക്കി. അടുത്തയാഴ്ച അഞ്ചുദിവസമായിരുന്നു ബോറിസ് ജോൺസന്റെ സന്ദർശനം
‘നിലവിലെ കോവിഡ് വ്യാപന സാഹചര്യത്തിൽ പ്രധാനമന്ത്രി ബോറിസ് ജോൺസൺ അടുത്തയാഴ്ച നടത്താനിരുന്ന ഇന്ത്യ സന്ദർശനം റദ്ദാക്കി’ -ബ്രിട്ടീഷ് -ഇന്ത്യ സർക്കാറുകൾ സംയുക്ത പ്രസ്താവനയിലൂടെ ബോറിസ് ജോൺസന്‍റെ ഓഫിസ് വ്യക്തമാക്കി.
ബ്രിട്ടനിലെ കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ റിപ്പബ്ലിക് ദിനത്തിൽ നിശ്ചയിച്ചിരുന്ന ഇന്ത്യ സന്ദർശനം ഏപ്രിലിലേക്ക് മാറ്റുകയായിരുന്നു. ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമായതോടൊണ് വീണ്ടും സന്ദർശനം മാറ്റിവെച്ചത്.
ഈ മാസം അവസാനം പ്രധാനമന്ത്രി നരേന്ദ്രമോദിയും ബോറിസ് ജോൺസണും ഫോണിലൂടെ സംസാരിക്കും. ഭാവി പങ്കാളിത്തമുള്ള പദ്ധതികൾ അതുവഴി അംഗീകരിക്കുമെന്നും പ്രസ്താവനയിലൂടെ അറിയിച്ചു.