കോവിഡ് 19 പ്രതിരോധത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. ല്‍ ജാഗ്രതയില്‍ പിഴവ് വന്നാല്‍ വലിയ വില നല്‍കേണ്ടി വരും, ജനജീവിതം സാധാരണ ഗതിയില്‍ നീങ്ങണം. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് ആവശ്യമായ സൗകര്യം ഒരുക്കണം. തദ്ദേശ സ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ ശ്രദ്ധപുലര്‍ത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ജനപ്രതിനിധികളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിങ്ങിലാണ് മുഖ്യമന്ത്രി കാര്യങ്ങള്‍ വ്യക്തമാക്കിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
നിയന്ത്രണങ്ങള്‍ ചെറിയ പ്രയാസങ്ങള്‍ ഉണ്ടാക്കിയേക്കാം. വിവാഹവും ഉത്സവവും മറ്റു പരിപാടികളും ആളുകളുടെ പങ്കാളിത്തം ചുരുക്കി നടത്താന്‍ തീരുമാനിച്ചതിന്റെ ഭാഗമായി വിവാഹങ്ങളും പൊതുപരിപാടികളും മാറ്റിവെച്ചിട്ടുണ്ട്. വിവാഹ മണ്ഡപങ്ങള്‍ മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്ക് പണം തിരിച്ചു നല്‍കാതിരിക്കുന്നത് ന്യായീകരിക്കാനാവില്ല. സാഹചര്യത്തിന്റെ പ്രത്യേകത മനസ്സിലാക്കി പണം തിരികെ നല്‍കുന്ന കാര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ ഇടപെടലും ആവശ്യമാണ്.
ഭക്ഷ്യസാധനങ്ങളുടെ ലഭ്യതയുടെ കാര്യത്തില്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കും. മരുന്നുകളുടെയും പ്രതിരോധ സാമഗ്രികളുടെയും ലഭ്യതയും സര്‍ക്കാര്‍ ഉറപ്പുവരുത്തും.അതിഥി തൊഴിലാളികള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയവരിലെല്ലാം പ്രത്യേക ശ്രദ്ധയും ബോധവത്കരണവും വേണം. വയോജനങ്ങളുടെ സംരക്ഷണത്തിലും സാന്ത്വന ചികിത്സയിലുള്ളവരുടെ സംരക്ഷണത്തിലും വലിയ കരുതല്‍ വേണം. വിദേശ ടൂറിസ്റ്റുകളോട് മോശമായി പെരുമാറുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇത്തരം കാര്യങ്ങളില്‍ ആരോഗ്യകരമായ സമീപനം സ്വീകരിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

