കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ അടച്ച സ്കൂളുകൾ പൂർണ തോതിൽ പ്രവർത്തന സജ്ജമാക്കുന്നത്തിന്റെ ഭാഗമായുള്ള പ്രവർത്തികൾ അവസാനഘട്ടത്തിൽ. തിരുവനന്തപുരം എസ് എം വി സ്കൂളിൽ വിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് സംസ്ഥാന തല ശുചീകരണം ഉദ്ഘാടനം ചെയ്തത്.
47 ലക്ഷം വിദ്യാർത്ഥികളും ഒരു ലക്ഷത്തിൽപരം അധ്യാപകരും മറ്റന്നാൾ മുതൽ സ്‌കൂളുകളിൽ എത്തും. ഉത്കണ്ഠ ആവശ്യമില്ല, എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായി എന്ന് മന്ത്രി അറിയിച്ചു. യൂണിഫോമിൽ കടുംപിടുത്തമില്ല. ഹാജറും നിർബന്ധമാക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. യൂണിഫോം ഉള്ളവർ അവ ധരിക്കണം. ബസുകളിലും മറ്റു സ്ഥലങ്ങളിലും വിദ്യാർത്ഥികളെ തിരിച്ചറിയാൻ ഇത് സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.
പാഠഭാഗങ്ങൾ പൂർത്തിയാക്കാത്ത അധ്യാപകർക്കെതിരെ നടപടിയെടുക്കും. എല്ലാ അധ്യാപകരും നിശ്ചയിച്ച പാഠഭാഗങ്ങൾ തീർക്കാനുള്ള പരിശ്രമങ്ങൾ നടത്തുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കുട്ടികൾക്ക് സ്കൂളിലേക്ക് എത്താൻ വേണ്ടി യാത്രാ സൗകര്യം ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.ഒന്ന് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിൽ തിങ്കളാഴ്ച മുതൽ വൈകീട്ട് വരെ പൂർണ്ണതോതിൽ അധ്യയനം ഉണ്ടായിരിക്കും. എതിർത്ത അധ്യാപക സംഘടനകളെ അനുനയിപ്പിച്ചാണ്, സ്കൂളുകൾ പൂർണതോതിൽ തുറക്കലുമായി സർക്കാർ മുന്നോട്ട് പോവുന്നത്. ഒന്ന് മുതൽ 9 വരെയുള്ള ക്ലാസുകളുടെ പാഠഭാഗങ്ങൾ മാർച്ചിൽ തന്നെ തീർക്കുക. ഒന്ന് മുതൽ 9 വരെ ക്ലാസുകളിൽ വാർഷിക പരീക്ഷ ഏപ്രിലിൽ നടത്താനാണ് തീരുമാനം.
തിങ്കളാഴ്ച മുതൽ ക്ലാസുകൾ പൂർണതോതിലേക്ക് മാറുമ്പോൾ ഓൺലൈൻ ക്ലാസുകൾ നിർബന്ധമായി തുടരില്ല. പക്ഷെ ആവശ്യമുള്ള കുട്ടികൾക്ക് പിന്തുണ നൽകണം. ഭിന്നശേഷിക്കാരടക്കം സ്കൂളിലെത്താൻ കഴിയാത്തവർക്കായി ഡിജിറ്റൽ – ഓൺലൈൻ ക്ലാസുകൾ തുടരും. വിക്ടേഴ്സ് വഴി ക്ലാസുകളുണ്ടാകും.

