കോഴിക്കോട് ബീച്ചിലെ ഉപ്പിലിട്ട വിഭവങ്ങളുടെ വില്‍പന നിരോധിച്ച കോര്‍പ്പറേഷന്‍ നടപടിക്കെതിരെ പ്രതിഷേധവുമായി വ്യാപാരികള്‍. ഉപ്പിലിട്ടവ വേഗത്തില്‍ പാകപ്പെടാന്‍ ആസിഡ് ഉള്‍പ്പെടെ ഉപയോഗിക്കുന്നവരെ കണ്ടെത്തുന്നതിന് പകരം എല്ലാവര്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയതാണ് പ്രതിഷേധത്തിലേക്ക് നയിച്ചത്. പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ കച്ചവടക്കാരുടെ പ്രതിനിധികളുമായി തിങ്കളാഴ്ച മേയര്‍ ചര്‍ച്ച നടത്തും. ബീച്ചിലെ ഉപ്പലിട്ടതു വിൽക്കുന്ന കടയിൽനിന്ന് വെള്ളമാണെന്ന് കരുതി ആസിഡ് കുടിച്ചതിനെത്തുടർന്ന് തൃക്കരിപ്പൂർ സ്വദേശികളായ രണ്ട് കുട്ടികള്‍ക്കു പൊള്ളലേറ്റ സംഭവത്തെ തുടർന്നാണ് കോഴിക്കോട് കോർപറേഷന്റെ നടപടി.
ഉപ്പിലിട്ട ഇനങ്ങള്‍ വില്‍ക്കുന്ന തട്ടുകടകള്‍ക്കെല്ലാം നിരോധനം ഏല്‍പ്പെടുത്തിയതോടെ നൂറുകണക്കിനാളുകളുടെ ഉപജീവനമാര്‍ഗ്ഗമാണ് വഴിമുട്ടിയത്. പരിശോധനക്കായി ശേഖരിച്ച സാംപിളുകളിലൊന്നും അപകടകരമായ അളവില്‍ ആസിഡിന്റെ സാന്നിധ്യമില്ലെന്ന് ഭക്ഷ്യ സുരക്ഷ വകുപ്പ് കണ്ടെത്തിയിട്ടും ഇത്തരമൊരു നിരോധനമേര്‍പ്പെടുത്തിയതിന്റെ യുക്തിയെന്തെന്നാണ് കച്ചവടക്കാരുടെ ചോദ്യം.
എന്നാൽ താൽക്കാലികമായെങ്കിലും കടകൾ അടച്ചിട്ടാലേ നടപടികൾ ഫലപ്രദമാക്കൂ എന്നാണ് കോർപറേഷൻ നിലപാട്. ഇത് സംബന്ധിച്ച് കച്ചവടക്കാർക്ക് ബോധവത്കരണം നൽകാനും കോർപ്പറേഷൻ ഒരുങ്ങുന്നുണ്ട്.

