സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന പിഎസ്‌സി റാങ്ക് പട്ടികയിലുൾപ്പെട്ട ഉദ്യോഗാർഥികൾ ഗവർണറുമായി കൂടിക്കാഴ്ച നടത്തി. രാജ്‌ഭവനിലെത്തിയാണ് ഉദ്യോഗാർഥികളുടെ പ്രതിനിധി സംഘം ഗവർണർ മുഹമ്മദ് ആരിഫ് ഖാനെ കണ്ടത്. തന്നാലാവുന്നത് ചെയ്യാമെന്ന് ഗവർണർ വാക്ക് നൽകിയതായി കൂടിക്കാഴ്ചയ്ക്ക് ശേഷം ഉദ്യോഗാർഥികൾ പ്രതികരിച്ചു. തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയതായി പറഞ്ഞ ഉദ്യോഗർഥികൾ തങ്ങളുടെ പ്രശ്നങ്ങൾ അദ്ദേഹത്തെ ബോധ്യപ്പെടുത്താൻ കഴിഞ്ഞെന്നും കൂട്ടിച്ചേർത്തു. ഗവർണറുമായുള്ള ചർച്ചയിൽ സന്തോഷമാണെന്നും അവർ പ്രതികരിച്ചു. ബിജെപി നേതാവ് ശോഭ സുരേന്ദ്രനാണ് കൂടിക്കാഴ്ചയ്ക്ക് വഴിയൊരുക്കിയത്. സമരത്തെ പിന്തുണയ്ക്കുന്ന ആരേയും തള്ളിക്കളയില്ല. ഗവര്‍ണറുമായി ചര്‍ച്ച നടത്താന്‍ ശോഭാ സുരേന്ദ്രന്‍ ഒരു അവസരമുണ്ടാക്കിയപ്പോള്‍ അത് പ്രയോജനപ്പെടുത്തിയതും അതുകൊണ്ടാണെന്നും പറഞ്ഞു. മധ്യസ്ഥത്തിന് ഡിവൈഎഫ്‌ഐ എത്തിയപ്പോള്‍ സ്വീകരിച്ചത് അതിനാലാണെന്ന് ഉദ്യോഗാർഥികൾ വ്യക്തമാക്കി. സമരം 25-ാം ദിവസത്തിലേക്ക് കടന്നതോടെ വ്യത്യസ്തമായ സമരപരിപാടികളിലേക്ക് കടന്നിരിക്കുകയാണ് ഉദ്യോഗാർഥികൾ. സെക്രട്ടേറിയറ്റിന് മുന്നില്‍ ഉദ്യോഗാര്‍ഥികൾ മീന്‍ വില്‍പ്പന നടത്തിയാണ് ഇന്ന് പ്രതിഷേധിച്ചത്. ഉദ്യോഗാര്‍ഥികളുടെ സമരത്തിനൊപ്പം യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ നിരാഹാര സമരവും ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ പ്രതിഷേധവും സെക്രട്ടേറിയറ്റ് പടിക്കല്‍ തുടരുകയാണ്.