അക്രമിക്കപ്പെട്ട കന്യാസ്ത്രീക്കും അവർക്കൊപ്പം നിന്ന മറ്റ് കന്യാസ്ത്രീകൾക്കും ഐക്യദാർഢ്യവുമായി മലയാള സിനിമയിലെ സ്ത്രീകൾ അടക്കമുള്ള മലയാളികൾ. പീഡനക്കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധി വന്നത് കഴിഞ്ഞ ദിവസമാണ്. ഇതിന് പിന്നാലെ ഇരയ്ക്കൊപ്പം മരണം വരെ നിൽക്കുമെന്ന് പ്രഖ്യാപിച്ച് സിസ്റ്റർ അനുപമയുൾപ്പെടെയുള്ള കന്യാസ്ത്രീകൾ നിലപാട് വ്യക്തമാക്കിയിരുന്നു. കന്യാസ്ത്രീകൾക്ക് പിന്തുണ അറിയിച്ച് സ്വന്തം കൈപ്പടയിൽ കത്തെഴുതി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ഇതിൻ്റെ കോപ്പി ഒരു ഇമെയിൽ അഡ്രസിലേക്ക് അയക്കുകയും ചെയ്താണ് എല്ലാവരും വലിയൊരു ക്യാംപെയിൻ്റെ ഭാഗമായി മാറുന്നത്.
withthenuns എന്ന ഹാഷ്ടാഗ് ക്യാംപയിന്റെ ഭാഗമായാണ് കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സ്വന്തം കൈപ്പടയിലെഴുതിയ കത്തുകൾ പോസ്റ്റ് ചെയ്യുന്നത്. കത്തുകൾ Solidarity2sisters@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കും.
ഗീതു മോഹൻദാസ്, ഇന്ദു വി.എസ്, രഞ്ജിനി ഹരിദാസ്, ദിവ്യ ഗോപിനാഥ്, പാർവതി തിരുവോത്ത് തുടങ്ങിയവരെല്ലാം ഇത്തരത്തിൽ കന്യാസ്ത്രീകളുടെ ഒപ്പമാണ് ഞങ്ങൾ എന്ന് പറയുന്നു, എഴുത്തുകാരി കെആർ മീര, ആക്ടിവിസ്റ്റ് ഐഷ, മാധ്യമപ്രവർത്തക ഷാഹിന കെ.കെ ഉൾപ്പെടെ നിരവധി പേരാണ് ക്യാമ്പെയ്ന്റെ ഭാഗമായത്.