ഇന്ത്യ-ഓസ്‌ട്രേലിയ അവസാന ടെസ്റ്റ് മത്സരത്തില്‍ തകര്‍പ്പന്‍ വിജയവുമായി ഇന്ത്യ. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 328 റണ്‍സിന്റെ വിജയലക്ഷ്യം 18 പന്തുകള്‍ ബാക്കി നില്‍ക്കെ 6 വിക്കറ്റുകള്‍ നഷ്ടത്തില്‍ ഇന്ത്യ നേടുകയായിരുന്നു. 1988നു ശേഷം ഗാബയില്‍ പരാജയപ്പെട്ടിട്ടില്ലെന്ന ഓസീസിന്റെ റെക്കോര്‍ഡ് കൂടിയാണ് ഇന്ന് ഇന്ത്യന്‍ ടീമിന്റെ പോരാട്ട വീര്യത്തിനു മുന്നില്‍ തകര്‍ന്നത്. ജയത്തോടെ ഇന്ത്യ 1-2 എന്ന മാര്‍ജിനില്‍ പരമ്പരയും സ്വന്തമാക്കി. 91 റണ്‍സെടുത്ത ശുഭ്മന്‍ ഗില്‍ ആണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറര്‍.
അവസാന ദിവസം വിക്കറ്റ് നഷ്ടമില്ലാതെ 4 എന്ന നിലയില്‍ ഇന്നിംഗ്‌സ് പുനരാരംഭിച്ച ഇന്ത്യക്ക് പെട്ടെന്ന് തന്നെ രോഹിതിനെ നഷ്ടമായി. രോഹിതിനെ കമ്മിന്‍സിന്റെ പന്തില്‍ ടിം പെയ്ന്‍ പിടികൂടുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ ഗില്‍-പൂജാര സഖ്യം ഒത്തുചേര്‍ന്നു. ഫലപ്രദമായി ഓസീസ് ആക്രമണത്തെ നേരിട്ട ഇരുവരും മറ്റ് നഷ്ടങ്ങളില്ലാതെ ഇന്ത്യയെ ഉച്ചഭക്ഷണം വരെ എത്തിച്ചു. ഇതിനിടെ ഗില്‍ ഫിഫ്റ്റി നേടിയിരുന്നു. പരമ്പരയിലെയും കരിയറിലെയും ഗില്ലിന്റെ രണ്ടാം ഫിഫ്റ്റിയാണ് ഇത്. പൂജാര പ്രതിരോധത്തിലൂന്നിയപ്പോള്‍ ഗില്‍ ഷെല്ലില്‍ ഒതുങ്ങാതെ ആക്രമിക്കാന്‍ ശ്രമിച്ചു. സ്റ്റാര്‍ക്കിന്റെ ഒരു ഓവറില്‍ ഒരു സിക്‌സര്‍ അടക്കം 20 റണ്‍സാണ് ഗില്‍ അടിച്ചെടുത്തത്. ജയത്തിനു വേണ്ടി ശ്രമിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഗില്‍ പുറത്താവുന്നത്. അര്‍ഹതപ്പെട്ട സെഞ്ചുറിക്ക് ഒരു റണ്‍സ് അകലെ ഗില്ലിനെ ലിയോണ്‍ സ്മിത്തിന്റെ കൈകളില്‍ എത്തിക്കുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ പൂജാരയ്‌ക്കൊപ്പം ചേര്‍ന്ന് 114 റണ്‍സാണ് ഗില്‍ കൂട്ടിച്ചേര്‍ത്തത്.
നാലാം നമ്പറിലെത്തിയ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ ആക്രമിച്ചു കളിച്ചു. ശരവേഗത്തില്‍ 24 റണ്‍സിലെത്തിയ താരം ഒരു അനാവശ്യ ഷോട്ട് കളിച്ചാണ് പുറത്തായത്. കമ്മിന്‍സിന്റെ പന്തില്‍ ടിം പെയ്ന് പിടിച്ച് രഹാനെ പുറത്തായതോടെ ഋഷഭ് പന്ത് ക്രീസിലെത്തി. പന്തും പൂജാരയും ചേര്‍ന്ന് വീണ്ടും ഒസീസ് ക്യാമ്പിലേക്ക് പട നയിച്ചു. ഇതിനിടെ പൂജാര ഫിഫ്റ്റി തികച്ചു. 61 റണ്‍സാണ് പന്തും പൂജാരയും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത്. ഫിഫ്റ്റിക്ക് പിന്നാലെ പൂജാരയെ കമ്മിന്‍സ് മടക്കി. സെക്കന്‍ഡ് ന്യൂ ബോള്‍ എടുത്ത് രണ്ടാം പന്തില്‍ തന്നെ പൂജാര പുറത്തായത് ഇന്ത്യയെ വീണ്ടും ബാക്ക്ഫൂട്ടിലാക്കി. മായങ്ക് അഗര്‍വാള്‍ (9) വേഗം മടങ്ങി. ഓസ്‌ട്രേലിയ ജയം മണത്തു.
എന്നാല്‍ ആറാം വിക്കറ്റിലെത്തിയ വാഷിംഗ്ടന്‍ സുന്ദര്‍ പന്തിന് ഉറച്ച പിന്തുണ നല്‍കിയതോടെ ഇന്ത്യ വീണ്ടും കളിയിലേക്ക് തിരികെയെത്തി. ഓസീസ് ബൗളര്‍മാരെ അനായാസം നേരിട്ട സുന്ദര്‍ പന്തുമൊത്ത് 49 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തി. ജയത്തിന് 10 റണ്‍സ് മാത്രം അകലെ വെച്ചാണ് സുന്ദര്‍ പുറത്താവുന്നത്. ലിയോണിനെ റിവേഴ്‌സ് സ്വീപ്പ് ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ട് യുവതാരത്തിന്റെ കുറ്റി തെറിക്കുകയായിരുന്നു. ജയത്തിനു 3 റണ്‍സ് അകലെ താക്കൂറും (2) മടങ്ങി. ഹേസല്‍വുഡിന്റെ പന്തില്‍ ലിയോണ്‍ പിടികൂടിയാണ് താരം പുറത്തായത്. ഈ വിക്കറ്റോടെ ഓസ്‌ട്രേലിയക്ക് വീണ്ടും പ്രതീക്ഷയായി.
എന്നാല്‍, ഹേസല്‍വുഡിനെ ബൗണ്ടറിയടിച്ച് പന്ത് ഇന്ത്യയെ വിജയിപ്പിക്കുകയായിരുന്നു.