കോഴിക്കോട്: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കോഴിക്കോട് നഗരത്തിലെത്തി. മിഠായിത്തെരുവിലും മാനാഞ്ചിറയിലും നടന്ന് സഞ്ചരിച്ച ഗവര്‍ണര്‍ ജനങ്ങളുമായും വിദ്യാര്‍ഥികളുമായും സംസാരിച്ചു.
ഗവര്‍ണര്‍ എത്തിയതോടെ കനത്ത സുരക്ഷയാണ് മിഠായിത്തെരുവിലും പരിസരത്തും പൊലീസ് ഒരുക്കിയത്. വന്‍ തിരക്കാണ് മിഠായിത്തെരുവിലുണ്ടായത്. മാനാഞ്ചിറക്ക് സമീപത്ത് വെച്ച് കാറില്‍ നിന്നിറങ്ങി റോഡിലൂടെ നടന്ന ഗവര്‍ണര്‍ വഴിയരികിലൂടെ പോയ വിദ്യാര്‍ഥികളുമായും യാത്രക്കാരുമായും സംസാരിച്ചു.
തനിക്കൊരു സുരക്ഷയും ആവശ്യമില്ലെന്ന് നേരത്തെ സര്‍വകലാശാലയില്‍ മാധ്യമങ്ങളെ കണ്ടപ്പോള്‍ ഗവര്‍ണര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കോഴിക്കോട് നഗരത്തിലേക്ക് വന്നത്. നഗരത്തിലേക്ക് ഇറങ്ങുക തന്നെ ചെയ്യും. ഒരു സുരക്ഷയും ആവശ്യമില്ല. കേരളത്തിലെ ജനങ്ങള്‍ തന്നെ സ്നേഹിക്കുന്നു. ഞാന്‍ അവരെയും സ്നേഹിക്കുന്നു. എസ്.എഫ്.ഐ മാത്രമാണ് പ്രതിഷേധിക്കുന്നത്. ആരും എന്നെ ആക്രമിക്കില്ലെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു.