അന്റാർട്ടിക്കയിലെ മൗണ്ട് വിൻസൺ കൊടുമുടി കീഴടക്കിയ അദ്യമലയാളിയായി പത്തനംതിട്ട സ്വദേശി ഷെയ്ഖ് ഹസ്സൻ ഖാന്‍. സെക്രട്ടേറിയറ്റില്‍ ധനകാര്യ വകുപ്പില്‍ ഉദ്യോഗസ്ഥന്‍ കൂടിയായ അദ്ദേഹത്തിന്റെ നേട്ടം കേരളത്തിന്റെ യശസ് വാനോളമുയര്‍ത്തുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.കാലാവസ്ഥാവ്യതിയാനത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ഏഴു വൻകരകളിലെയും ഉയരം കൂടിയ കൊടുമുടികൾ കയറുന്ന പര്യവേഷണ ദൗത്യത്തിലാണ് ഷെയ്ഖ് ഹസ്സൻ ഖാന്‍. ഇതിന്റെ ഭാഗമായി അദ്ദേഹം കീഴടക്കുന്ന അഞ്ചാമത്തെ കൊടുമുടിയാണ് മൗണ്ട് വിൻസൺ. ക്ലേശകരമായ പർവ്വതാരോഹണ ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന ഷെയ്ഖ് ഹസ്സൻ ഖാന്റെ ഇച്ഛാശക്തി പ്രശംസനീയമാണെന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി അദ്ദേഹത്തിന് എല്ലാ ആശംസകളും നേര്‍ന്നു.മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റിന്റെ പൂര്‍ണരൂപംലോകത്തിനു മുന്നിൽ കേരളത്തിന്റെ യശസ്സ് വാനോളമുയർത്തി അന്റാർട്ടിക്കയിലെ മൗണ്ട് വിൻസൺ കൊടുമുടി കീഴടക്കിയ പത്തനംതിട്ടയിൽ നിന്നുള്ള ഷെയ്ഖ് ഹസ്സൻ ഖാന് അഭിനന്ദനങ്ങൾ. മൗണ്ട് വിൻസൺ കൊടുമുടി കയറുന്ന ആദ്യ മലയാളിയാണ് സെക്രട്ടറിയറ്റിലെ ധനകാര്യ വകുപ്പ് ഉദ്യോഗസ്ഥനായ ഷെയ്ഖ് ഹസ്സൻ.കാലാവസ്ഥാവ്യതിയാനത്തെ കുറിച്ച് ലോകമെങ്ങും അവബോധം സൃഷ്ടിക്കാനും അതുണ്ടാക്കുന്ന വെല്ലുവിളികളെ കുറിച്ച് ചർച്ചകളുയർത്തിക്കൊണ്ടുവരാനുമുള്ള ശ്രമങ്ങളുടെ ഭാഗമായി അദ്ദേഹം ഏഴു വൻകരകളിലെയും ഉയരം കൂടിയ കൊടുമുടികൾ കയറുന്ന പര്യവേഷണദൗത്യത്തിലാണ്. ഇങ്ങനെ ഷെയ്ഖ് ഹസ്സൻ ഖാൻ കീഴടക്കുന്ന അഞ്ചാമത്തെ കൊടുമുടിയാണ് മൗണ്ട് വിൻസൺ. കാലാവസ്ഥാ വ്യതിയാനത്തെ പറ്റി ലോകമെങ്ങും ചർച്ചകളുയർത്താനായി ക്ലേശകരമായ പർവ്വതാരോഹണ ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന ഷെയ്ഖ് ഹസ്സൻ ഖാന്റെ ഇച്ഛാശക്തി പ്രശംസനീയമാണ്.അദ്ദേഹത്തിന്റെ ഈ പര്യവേഷണശ്രമങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നു.