ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിൽ പരിക്കേറ്റ രോഹിത് ശർമ പുറത്തായതിനെ തുടർന്ന് ലോകേഷ് രാഹുലിനെ വൈസ് ക്യാപ്റ്റൻ സ്ഥാനം ഏല്പിച്ചു . ഈ മാസം 26നാണ് പരമ്പരയിലെ ആദ്യ മത്സരം.
മൂന്ന് മത്സരങ്ങലുള്ള പരമ്പര ഒമിക്രോൺ വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ വൈകിയാണ് ആരംഭിക്കുന്നത്. അതുകൊണ്ട് തന്നെ പര്യടനത്തിലെ ടി-20 പരമ്പര മാറ്റിവച്ചിട്ടുണ്ട്. ഇത് എപ്പോൾ നടത്തുമെന്ന് അറിയിച്ചിട്ടില്ല. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഉൾപ്പെടുന്ന പരമ്പരയാണ് ഇത്. ഏകദിന പരമ്പരക്കുള്ള ടീം പ്രഖ്യാപിച്ചിട്ടില്ല.
രോഹിത് ശർമ്മ ക്ക് പകരം ഗുജറാത്ത് താരം പ്രിയങ്ക് പഞ്ചൽ ടീമിൽ ഇടം നേടി. ന്യൂസീലൻഡിനെതിരായ പര്യടനത്തിൽ വിശ്രമം അനുവദിച്ചിരുന്ന ഋഷഭ് പന്ത്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഷർദുൽ താക്കൂർ, ലോകേഷ് രാഹുൽ എന്നിവർ ടീമിലേക്ക് തിരികെയെത്തി.
രോഹിതിനെ കൂടാതെ രവീന്ദ്ര ജഡേജ, ശുഭ്മൻ ഗിൽ, അക്സർ പട്ടേൽ, രാഹുൽ ചഹാർ എന്നിവർ പരുക്കേറ്റ് പുറത്തായി. മോശം ഫോമിലുള്ള അജിങ്ക്യ രഹാനെ, ചേതേശ്വർ പൂജാര എന്നിവർ ടീമിൽ തുടരും. ന്യൂസീലൻഡിനെതിരായ പരമ്പരയിൽ നിന്ന് ഒഴിവാക്കിയ ഹനുമ വിഹാരി ടീമിൽ തിരികെയെത്തി. പരമ്പരയിൽ ശ്രദ്ധേയ പ്രകടനങ്ങൾ നടത്തിയ ശ്രേയാസ് അയ്യർ ടീമിൽ സ്ഥാനം നിലനിർത്തി.
മൂന്ന് വീതം ടെസ്റ്റുകളും ഏകദിനങ്ങളും നാല് ടി-20കളുമുള്ള ദക്ഷിണാഫ്രിക്ക-ഇന്ത്യ പരമ്പര ഡിസംബർ 17 മുതൽ ജനുവരി 26 വരെ നടത്താനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പര അവസാനിച്ച ശേഷം ഡിസംബർ എട്ടിനോ ഒൻപതിനോ ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കയിലേക്ക് പറക്കും എന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ, ആഫ്രിക്കൻ രാജ്യങ്ങളിൽ ഒമിക്രോൺ ബാധ രൂക്ഷമായതോടെ ഇന്ത്യയുടെ പോക്ക് വൈകുകയായിരുന്നു.