ബി.ജെ.പി ഭരിക്കുന്ന കോര്‍പ്പറേഷനുകളില്‍ നടന്ന 25000 കോടിയുടെ അഴിമതി അന്വേഷിക്കാന്‍ പ്രമേയം പാസാക്കി ദല്‍ഹി സര്‍ക്കാര്‍. ആം ആദ്മി എം.എല്‍.എ സൗരഭ് ഭരദ്വാജാണ് വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചത്.
”ബി.ജെ.പി ഭരിക്കുന്ന കോര്‍പ്പറേഷനുകളില്‍ പതിവായി അഴിമതികള്‍ നടക്കുന്നുണ്ട്. പുതിയ കൗണ്‍സിലര്‍മാര്‍ അവരുടെ മുന്‍ഗാമികളുടെ അഴിമതി റെക്കോര്‍ഡ് തകര്‍ത്തു,”അദ്ദേഹം ആരോപിച്ചു.
ബി.ജെ.പിയുടെ ഭരണത്തിലുള്ള കോര്‍പ്പറേഷനുകളുടെ കെട്ടിട വകുപ്പ് അഴിമതിക്കും കൈക്കൂലി ആവശ്യപ്പെടുന്നതിനും പേരുകേട്ട സ്ഥലമാണെന്നും 10 ലക്ഷം തട്ടിയെടുത്തതിന് ബി.ജെ.പി കൗണ്‍സിലറെ സി.ബി.ഐ റെയ്ഡില്‍ കയ്യോടെ പിടിച്ചെന്നും ആം ആദ്മി ആരോപിച്ചു. ആയിരക്കണക്കിന് കോടിയുടെ അഴിമതിയാണ് ബി.ജെപി നടത്തുന്നതെന്നും ആം ആദ്മി ആരോപിച്ചു.
നേരത്തെ ബി.ജെ.പിയുടെ അഴിമതിക്കെതിരെ പ്രതിഷേധത്തിന് തയ്യാറെടുത്ത ആംആദ്മി നേതാക്കളെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബി.ജെ.പി കോടികളുടെ അഴിമതി നടത്തിയെന്ന് ആരോപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വസതിക്ക് മുന്നില്‍ പ്രതിഷേധം നടത്താനിരുന്ന ആം ആദ്മി പാര്‍ട്ടി നേതാക്കളെയായിരുന്നു ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്.
ആം ആദ്മി പാര്‍ട്ടി നേതാവ് രാഘവ് ചദ്ദയെയും അതിഷി മാര്‍ലെനയേയും ഉള്‍പ്പെടെയുള്ള നേതാക്കളെ ദല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെ പ്രതിഷേധം ശക്തമായിരുന്നു. ബി.ജെ.പി 2,457 കോടി രൂപ മുനിസിപ്പല്‍ കൗണ്‍സില്‍ (എന്‍.ഡി.എം.സി) ഫണ്ട് ദുരുപയോഗം ചെയ്തുവെന്നാണ് ആം ആദ്മിയുടെ ആരോപണം.