മെറ്റ ഇന്ത്യയുടെ പുതിയ മേധാവിയായി സന്ധ്യ ദേവനാഥൻ ചുമതയേൽക്കും. ഇന്ത്യൻ യൂണിറ്റിന്റെ പുതിയ വൈസ് പ്രസിഡന്റായി സന്ധ്യ ദേവനാഥനെ നിയമിച്ചതായി മെറ്റ വ്യാഴാഴ്ചയാണ് പ്രഖ്യാപിച്ചത്. ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റയുടെ ഇന്ത്യയിലെ പ്രവർത്തനങ്ങൾക്ക് ഇനി മുതൽ നേതൃത്വം നൽകുന്നത് സന്ധ്യ ദേവനാഥനായിരിക്കും. നവംബർ മൂന്നിന് രാജിവച്ച അജിത് മോഹന്റെ പിൻഗാമിയായാണ് സന്ധ്യ ദേവനാഥൻ എത്തുന്നത്. നിലവിൽ ഏഷ്യ-പസഫിക് മേഖലയിലെ ഗെയിമിങ് വിഭാഗത്തിന്റെ വൈസ് പ്രസിഡന്റാണ് സന്ധ്യ ദേവനാഥൻ. അന്താരാഷ്‌ട്ര തലത്തിൽ ബാങ്കിങ്, പേയ്‌മെന്റ്, ടെക്‌നോളജി തുടങ്ങിയ രംഗങ്ങളിലായി സന്ധ്യദേവനാഥന് 22 വർഷത്തെ പ്രവർത്തന പരിചയമുണ്ട്.
ജനുവരി ഒന്ന് മുതലായിരിക്കും മെറ്റാ ഇന്ത്യയുടെ വൈസ് പ്രസിഡന്റായി സന്ധ്യാ ദേവനാഥൻ ചുമത ഏൽക്കുന്നതെന്ന് കമ്പനി അറിയിച്ചു. നിലവിൽ സിംഗപ്പൂരിൽ താമസിക്കുന്ന സന്ധ്യ ദേവനാഥൻ മെറ്റ ഇന്ത്യയുടെ മേധാവിയായി സ്ഥാനേൽക്കുന്നതോടെ ഇന്ത്യയിലേക്ക് തിരിച്ചെത്തുമെന്നും കമ്പനി പ്രസ്താവനയിൽ പറഞ്ഞു. മെറ്റ ഇന്ത്യയുടെ വൈസ് പ്രസിഡന്റും എംഡിയുമായിരുന്നു അജിത് മോഹൻ രാജിവെച്ചതിനെ തുടർന്ന് മെറ്റാ ഇന്ത്യയുടെ ഡയറക്ടറും പാർട്ണർഷിപ്പ് മേധാവിയുമായ മനീഷ് ചോപ്രയാണ് താൽക്കാലികമായി ആ സ്ഥാനം ഏറ്റെടുത്തിരുന്നത്.