കോഴിക്കോട് കടപ്പുറത്തെ ഫ്രീഡം സ്‌ക്വയറിൽ ബഹുജനകൂട്ടായ്മയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ചായകുടി പ്രതിഷേധത്തില്‍ പങ്കെടുത്ത് അലന്‍ ഷുഹൈബും ത്വാഹ ഫസലും.യു.എ.പി.എ കേസില്‍ ജയില്‍ മോചിതരായ അലനും താഹയ്ക്കും ചായയും ചായ നല്‍കി മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എ.വാസു പരിപാടി ഉദ്ഘാടനം ചെയ്തു.. ‘ചായ കുടിക്കാന്‍ പോയപ്പോഴായിരുന്നില്ല അലനും താഹയും അറസ്റ്റിലായതെ’ന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തെ ഓര്‍മപ്പെടുത്തിയാണ് ചായകുടി പ്രതിഷേധം സംഘടിപ്പിച്ചത്.
എല്ലാത്തിനും നമ്പര്‍ വണ്ണാണെന്ന് പറയുന്ന കേരളം മനുഷ്യാവകാശ ലംഘനങ്ങളുടെ കാര്യത്തില്‍ ഒട്ടും പിന്നിലല്ലെന്ന് അലന്‍ ഷുഹൈബ് പറഞ്ഞു.
ചായകുടി പരാമര്‍ശം നടത്തിയ മുഖ്യമന്ത്രിയെ പരിഹസിച്ച് ഇരുവരും ചായയും പരിപ്പുവടയും കഴിച്ച് പ്രതീകാത്മക പ്രതിഷേധം നടത്തിയാണ് ഇരുവരും പ്രതികരിച്ചത്
അസാധാരണ സാഹചര്യം പറഞ്ഞ് ജയിലില്‍ പുസ്തകവും പത്രവും പോലും നിഷേധിക്കപ്പെട്ടുവെന്ന് താഹ ഫസല്‍ പ്രതികരിച്ചു. കോടതി ഇടപെട്ടതുകൊണ്ടാണ്. പിന്നീട് ഒന്നിടവിട്ട ദിവസങ്ങളിലെങ്കിലും പത്രം കിട്ടിയത്. കാക്കനാട് ജയിലിലെ മോശം അനുഭവത്തെക്കുറിച്ച് പറഞ്ഞതിന്റെ പേരില്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന കള്ളക്കേസെടുത്തു. അലനും താഹയും ജാമ്യത്തിലിറങ്ങിയാല്‍ കഴിയുന്നതല്ല പന്തീരാങ്കാവ് യു.എ.പി.എ കേസ്. രണ്ടുപേര്‍ ഇനിയും ജയിലിലുണ്ട്. നിലവിലെ രാഷ്ട്രീയ അന്തരീക്ഷത്തില്‍ അസ്വസ്ഥരാവുകയും പ്രതിഷേധിക്കുകയും ചെയ്യുന്നവര്‍ക്കെതിരേ യു.എ. പി. എ. പോലുള്ള കരിനിയമങ്ങള്‍ ചുമത്തുമ്പോള്‍ അവര്‍ക്കുവേണ്ടി സംസാരിക്കാന്‍ നമുക്ക് ബാധ്യതയുണ്ട്. എല്ലാവരും സ്റ്റാന്‍സാമിയെക്കുറിച്ച് സംസാരിക്കുമ്പോള്‍ കേരളത്തിലെ ജയിലുകളില്‍ കഴിയുന്ന സ്റ്റാന്‍ സാമിമാര്‍ക്കുവേണ്ടി ആരെങ്കിലും എന്തെങ്കിലും പറയുന്നുണ്ടോയെന്നും താഹ ചോദിച്ചു.
പന്തീരാങ്കാവ് യുഎപിഎ കേസില്‍ എന്‍ഐഎ വാദം തള്ളി ഇരുവര്‍ക്കും സുപ്രീം കോടതി ജാമ്യം നല്‍കിയിരുന്നു. മാവോയിസ്റ്റ് ബന്ധത്തിന് അലനും ത്വാഹക്കുമെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്ന എന്‍ഐഎ വാദമാണ് സുപ്രീംകോടതി തള്ളിയത്. പുസ്തകങ്ങള്‍, ലഘുലേഖകള്‍, പ്ലക്കാര്‍ഡുകള്‍, ഡയറി കുറിപ്പുകള്‍ ഇതൊക്കെയാണ് അലനും ത്വാഹയ്ക്കുമെതിരെ പ്രധാന തെളിവുകളായി എന്‍ഐഎ കോടതിയില്‍ നിരത്തിയിരുന്നത്.