സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നാളെ വരെ ശക്തമായ മഴയ്ക്ക് സാധ്യത പ്രവചിക്കപ്പെട്ടിട്ടുണ്ട്. വിവിധ ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിന്റെ മലയോര മേഖലകളിലാണ് കൂടുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത. ഇവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇന്നലെ ഇടുക്കിയുടെ മലയോര മേഖലകളില്‍ കനത്ത മഴയാണ് ലഭിച്ചത്. ശക്തമായ മഴയില്‍ കുമളി ടൗണിലും കട്ടപ്പന പാറക്കടവിലും കടകളില്‍ വെള്ളം കയറി. കുമളി ടൗണില്‍ ദേശീയപാതയില്‍ ഉള്‍പ്പെടെ വെള്ളം കയറി ഗതാഗതം തടസപ്പെട്ടിരുന്നു. അഞ്ചുരുളിയിലേക്കുള്ള റോഡില്‍ രണ്ടിടങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. ഗതാഗതം തടസപ്പെട്ടു.
യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍
നവംബര്‍ 18: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
നവംബര്‍ 20: പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം
ഇടുക്കി, മുല്ലപ്പെരിയാര്‍ ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിലും ഇന്നലെ കനത്ത മഴയായിരുന്നു. ഇതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 141 അടിയിലെത്തി. ഇന്ന് രാവിലെ എട്ട് മുതല്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്ന് അധിക ജലം പുറത്തുവിടുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചു.
2399.32 അടിയാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. അപ്പര്‍ റൂള്‍ ലെവലായ 2400.03 അടിക്ക് മുകളില്‍ ജലനിരപ്പ് എത്തുകയാണെങ്കില്‍ ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി ജലം പുറത്തേക്ക് ഒഴുക്കിവിടുമെന്ന് കെഎസ്ഇബി അറിയിച്ചു. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഇടുക്കി കല്ലാര്‍കുട്ടി ഡാമിന്റെ ഷട്ടറുകള്‍ ഇന്നലെ രാത്രി 11 മണിയോടെ തുറന്നിരുന്നു.
അതേസമയം, മധ്യകിഴക്കന്‍ അറബിക്കടലിലെ ന്യൂനമര്‍ദം നിലവില്‍ ഗോവ-മഹാരാഷ്ട്ര തീരത്താണ് സ്ഥിതി ചെയ്യുന്നത്. പടിഞ്ഞാറ്, വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദം അടുത്ത 48 മണിക്കൂറില്‍ കൂടുതല്‍ ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ കേരളത്തില്‍ നിന്നും അകന്നു പോകുന്നതിനാല്‍ ഭീഷണിയില്ലെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തല്‍.
തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദം പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു ഇന്ന് വടക്കന്‍ തമിഴ്‌നാട് – തെക്കന്‍ ആന്ധ്രാപ്രദേശ് തീരത്ത് എത്തിച്ചേരാനാണ് സാധ്യത. ചെന്നൈ ഉള്‍പ്പെടെ നാല് ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് അന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കേരള തീരത്ത് (വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെ) ഇന്ന് രാത്രി 11.30 വരെ 2.5 മുതല്‍ 3.2 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കാന്‍ നിര്‍ദേശമുണ്ട്. കേരള – കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.