ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇസ്രയേലിലെത്തി. ടെല്‍ അവീവിലെത്തിയ ബൈഡനെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സ്വീകരിച്ചു. യുദ്ധം സംബന്ധിച്ച നിലവിലെ സ്ഥിതിഗതികള്‍ നെതന്യാഹുമായി ബൈഡന്‍ ചര്‍ച്ചചെയ്യും.
ഗാസയിലെ ആശുപത്രി ആക്രമണവുമായി ബന്ധപ്പെട്ട് ഇസ്രയേല്‍ പ്രതിരോധത്തില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍കൂടിയാണ് ബൈഡന്റെ സന്ദര്‍ശനമെന്നതും ശ്രദ്ധേയമാണ്. ഇസ്രയേല്‍ സന്ദര്‍ശനത്തിന് ശേഷം ജോര്‍ദാനില്‍ അറബ് നേതാക്കളുമായി ബൈഡന്‍ കൂടിക്കാഴ്ച നടത്തുമെന്ന അറിയിച്ചിരുന്നെങ്കിലും ഈ ഉച്ചകോടി റദ്ദാക്കിയിട്ടുണ്ട്.ഗാസയിലെ ആശുപത്രി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് അടക്കം ചര്‍ച്ചയില്‍ നിന്ന് പിന്‍വാങ്ങിയ സാഹചര്യത്തിലാണിത്.
അതേ സമയം 500 പേര്‍ കൊല്ലപ്പെട്ട അല്‍ അഹില്‍ അറബ് ആശുപത്രി ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് ഇസ്രയേല്‍ ആവര്‍ത്തിക്കുകയാണ്. ഹമാസുമായി ബന്ധമുള്ള പലസ്തീനിലെ ഇസ്ലാമിക് ജിഹാദിന്റെ റോക്കറ്റ് ലക്ഷ്യം തെറ്റി ആശുപത്രിയില്‍ പതിച്ചതാണെന്ന് ഇസ്രയേല്‍ അവകാശപ്പെടുന്നത്. അതിന് തങ്ങളുടെ പക്കല്‍ വ്യക്തമായ തെളിവുകളുണ്ടെന്നും ഇസ്രയേല്‍ സൈന്യവും നെതന്യാഹുവും പറഞ്ഞു.ആശുപത്രി ആക്രമണത്തില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. ബൈഡനടക്കമുള്ള ലോകനേതാക്കള്‍ ആക്രമണത്തെ അപലപിച്ചു.