നവരാത്രി ആഘോഷത്തിലാണ് ഇന്ന് ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങൾ. ചില സ്ഥലങ്ങളിലെ ചടങ്ങുകളിൽ 9 ദിവസവും ആഘോഷങ്ങൾ അരങ്ങേറുന്നു. ബംഗാളിൽ ദസറ എന്ന് അറിയപ്പെട്ടുന്ന ആഘോഷത്തിൽ വിജയ ദശമി ദിവസത്തിലെ ദുർഗാ പൂജയ്ക്കാണ് പ്രാധാന്യം. വിശ്വാസ പ്രകാരമുള്ള വ്യത്യസ്തതകൾക്കൊപ്പം ഓരോ പ്രദേശത്തും ആഘോഷങ്ങൾക്കുള്ള വൈവിധ്യം ഈ ഉത്സവത്തിൻറെ പ്രത്യേകതയാണ്. കേരളത്തിൽ വിജയദശമിയിൽ എഴുത്തിനിരുത്തും ആയുധപൂജയുമാണ് പ്രധാനം. അതേ സമയം ഉത്തരേന്ത്യയിൽ വലിയ ആഘോഷങ്ങളാണ് ഇക്കാലത്ത് നടക്കുക. അതിൽ തന്നെ ഗുജറാത്തിലെ ദണ്ഡിയ ആഘോഷങ്ങൾ ഏറെ പ്രസിദ്ധമാണ്. പരമ്പരാഗത വസ്ത്രധാരണത്തോടെ ആളുകൾ നിറങ്ങളുള്ള നീണ്ടവടികളുമായി കൂട്ടമായി നൃത്തം ചെയ്യുന്ന ഒരു പരമ്പരാഗത നൃത്തരൂപമാണ് ദണ്ഡിയ ആഘോഷം. ഒരു കൂട്ടം സ്ത്രീകൾ തെരുവിൽ വച്ച് നടത്തിയ ഒരു നൃത്തത്തിൻറെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ഏറെ പേരുടെ ശ്രദ്ധനേടി. കോൺഗ്രസ് എംപിയായ ശശി തരൂർ ഈ വീഡിയോ തൻറെ ട്വിറ്റർ (X) അക്കൗണ്ടിലൂടെ പങ്കുവച്ച് കൊണ്ട് കേരളാ രീതിയിലുള്ള ദണ്ഡിയ നൃത്തം കാണാൻ ഗുജറാത്തിലെ സഹോദരിമാരുടെ ശ്രദ്ധ ക്ഷണിച്ചു. ഏഴ് ലക്ഷം പേരാണ് ശശി തരൂർ പങ്കുവച്ച വീഡിയോ ഇതിനകം കണ്ടത്. വീഡിയോ പങ്കുവച്ച് കൊണ്ട് ശശി തരൂർ എംപി ഇങ്ങനെ കുറിച്ചു,’ഗുജറാത്തി സഹോദരിമാരുടെ ശ്രദ്ധയ്ക്ക് ! ഈ നവരാത്രി, കേരള ശൈലിയിലുള്ള ദണ്ഡിയ നൃത്തം ശ്രദ്ധിക്കൂ.!’ വീഡിയോയിൽ ഒരു തെരുവിൽ നിരവധി പേരെ കാഴ്ചക്കാരാക്കി നിർത്തി, തലയിൽ പൂചൂടിയ വെള്ളയും ചുവപ്പും വസ്ത്രം ധരിച്ച ഒരു കൂട്ടം സ്ത്രീകൾ നീണ്ട വടി ഉപയോഗിച്ച് പ്രത്യേക താളത്തിൽ നൃത്തച്ചുവടുകളോടെ വടികൾ കൊണ്ട് പരസ്പരം അടിച്ച് നൃത്തം ചെയ്യുന്നത് കാണാം. നിരവധി പേരാണ് വീഡിയോയ്ക്ക് കുറിപ്പുമായെത്തിയത്. ഒരു കാഴ്ചക്കാരനെഴുതിയത്, ‘ ഇല്ല സർ…. ഞങ്ങൾ ഗുജറാത്തികൾക്ക് വളരെയധികം ചുവടുണ്ട്, നമുക്ക് ഇനിയും കൂട്ടി ചേർക്കാൻ കഴിയില്ല. മാത്രമല്ല, ഓരോ ചുവടും ഓർക്കാൻ വളരെ ബുദ്ധിമുട്ടാണ്.’ എന്നായിരുന്നു.
ശശി തരൂര്‍ പങ്കുവച്ച കേരളാ രീതിയിലുള്ള ദണ്ഡിയ നൃത്തം വൈറല്‍

