ഇടുക്കി ശാന്തൻപാറ കള്ളിപ്പാറയിൽ പൂത്ത നീലക്കുറിഞ്ഞി കാണാൻ നൂറുകണക്കിന് സന്ദർശകരാണ് ദിവസവുനെത്തുന്നത്. പന്ത്രണ്ട് വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി കാണാനെത്തുന്നവർ പൂക്കൾ പറിച്ച് ഫോട്ടോഷൂട്ട് നടത്തുന്നതിനെയും പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ പരിസരത്ത് വലിച്ചെറിയുന്നതും സോഷ്യൽ മിഡിയയിൽ ചർച്ചയായിരുന്നു.
നിരവധി പേരാണ് സഞ്ചാരികളുടെ അടക്കം ഫേസ്ബുക്ക് ഗ്രൂപ്പുകളിൽ വിഷയം ചർച്ച ചെയ്തത്. ഇതിനിടെ നടൻ നീരജ് മാധവ് വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. നീലക്കുറിഞ്ഞി സന്ദർശനം ഒരു ദുരന്തമായി മാറിയിരിക്കുകയാണെന്നും വലിയ അളവിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ആളുകൾ പരിസരത്ത് വലിച്ചെറിയുന്നുണ്ടെന്നും നീരജ് മാധവ് ഫേസ്ബുക്കിൽ കുറിച്ചു. ചിത്രങ്ങൾ സഹിതമാണ് നടന്റെ പോസ്റ്റ്.
‘നീലക്കുറിഞ്ഞി സന്ദർശനങ്ങൾ ഒരു വലിയ ദുരന്തമായി മാറുകയാണ്. ആളുകൾ വലിയ അളവിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ വിലയേറിയ ഈ പൂക്കൾക്കിടയിൽ ഉപേക്ഷിക്കുന്നു. ഇത്തരം പ്രവൃത്തികൾ ഇല്ലാതാക്കാൻ അധികാരികൾ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും ആളുകൾ അതൊന്നും കാര്യമാക്കുന്നില്ല. നീലക്കുറിഞ്ഞി കാണാനെത്തുന്നവരോട് ഒരു അഭ്യർത്ഥന, പ്ലാസ്റ്റിക് കൊണ്ടുപോകരുത് കൊണ്ടുപോയാൽ തന്നെ ദയവായി അത് വലിച്ചെറിയരുത്’. നീരജ് മാധവ് പറഞ്ഞു.