എഐ ക്യാമറ സ്ഥാപിച്ചതിന്റെ ആദ്യ ഗഡുവായ 11 കോടി രൂപ കെൽട്രോണിന് നൽകാൻ ഹൈക്കോടതി. ആദ്യ ഗഡുവായ 11 കോടി രൂപയാണ് കെൽട്രോണിന് നൽകാൻ ഹൈക്കോടതി സർക്കാരിന് അനുമതി നൽകിയത്. നേരത്തെ സാമ്പത്തിക ഇടപാടുകൾ ഹൈക്കോടതി തടഞ്ഞിരുന്നു. ജൂണ്‍ 23 മുതൽ കാമറ പ്രവർത്തനം തുടങ്ങിയെന്ന് സർക്കാർ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് പണം നൽകാൻ കോടതി അനുമതി നൽകിയത്. ഇടക്കാല ഉത്തരവ് പുതുക്കിയാണ് ഹൈക്കോടതി നിലപാടെടുത്തത്. എ ഐ ക്യാമറ സ്ഥാപിക്കുന്നതിൽ അഴിമതി ആരോപണം ഉയർന്നതോടെയാണ് കരാറുകാർക്ക് പണം കൈമാറുന്നത് ഹൈക്കോടതി തടഞ്ഞത്. ഈ ഉത്തരവാണ് ഇന്ന് ഹൈക്കോടതി പുതുക്കിയത്. ജൂൺ 23 മുതൽ സംസ്ഥാനത്തെ റോഡുകളിൽ ക്യാമറകൾ പ്രവർത്തന സജ്ജമാണെന്നും അപകട – മരണ നിരക്കുകൾ കുറഞ്ഞിട്ടുണ്ടെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. എ ഐ ക്യാമാറ സ്ഥാപിച്ചതിൽ അഴിമതി ആരോപിച്ച് പ്രതിപക്ഷ നേതാക്കൾ സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനയിൽ ഉളളത്. ക്യാമറ ഇടപാടിൽ നടന്നത് വൻ കൊള്ളയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ മുൻപ് പറഞ്ഞിരുന്നു . പലർക്കും കിട്ടിയത് നോക്കുകൂലിയാണെന്നും, മന്ത്രിമാർക്കു പോലും കരാർ കമ്പനികളെക്കുറിച്ച് അറിയില്ല, കരാർ കിട്ടിയ കമ്പനി ഉപകരാർ കൊടുത്തു, കെ ഫോണിന് പിന്നിലും ഇവരാണ്, കണ്ണൂർ കേന്ദ്രീകരിച്ച് നടക്കുന്ന കറക്ക് കമ്പനികളാണ്, പവർ ബ്രോക്കേസ് ആണിവർ തുടങ്ങിയ ആരോപണങ്ങൾ വി ഡി സതീശൻ പറഞ്ഞിരുന്നു. കെൽട്രോണിന്റെ മറവിൽ സ്വകാര്യ കമ്പനികൾക്ക് വഴിയൊരുക്കുകയാണ് സർക്കാർ ചെയ്തത്. അഴിമതിക്ക് പിന്നിൽ സിപിഎമ്മാണ്. എസ്എൻസി ലാവ്‌ലിൻ പോലെയുള്ള അഴിമതിയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ മറുപടി പറയണമെന്നും പ്രതിപക്ഷ നേതാവ് മുൻപ് ആവശ്യപ്പെട്ടിരുന്നു.