പൊതുപ്രവർത്തകൻ ഗിരീഷ് ബാബു മരിച്ചനിലയിൽ. അഴിമതികൾക്കെതിരെ പോരാടിയ പൊതുപ്രവർത്തകൻ ഗിരീഷ് ബാബുവിനെ, കളമശ്ശേരിയിലെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നാണ് സൂചന.ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്ന അദ്ദേഹം കുറച്ചായി ചികിത്സയിലായിരുന്നു. മാസപ്പടി, പാലാരിവട്ടം അഴിമതി അടക്കം ഒട്ടേറെ കേസുകളിലെ ഹർജിക്കാരനായിരുന്നു അദ്ദേഹം. കൊച്ചിയിലെ പാലാരിവട്ടം അഴിമതിയടക്കം പുറത്തേക്ക് കൊണ്ടുവരുന്നതിലും കേസെടുത്ത് അന്വേഷണം നടത്തുന്നതിലേക്ക് എത്തിയതിലും വലിയ പങ്കുവെച്ചയാളായിരുന്നു ഗിരീഷ് ബാബു. നിലവിൽ മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുളള അദ്ദേഹത്തിന്റെ ഹർജി കോടതിയുടെ പരിഗണനയിലാണ്. മാസപ്പടി കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് മരണം. മാസപ്പടിയിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ആദ്യ ഹർജി മൂവാറ്റുപുഴ വിജിലൻസ് കോടതി ഹർജി തള്ളിയതോടെയാണ് ഗിരീഷ് ബാബു ഹൈക്കോടതിയെ സമീപിച്ചത്. പൊലീസ് സ്ഥലെത്തെത്തി ഇൻക്വസ്റ്റ് നടപടികളാരംഭിച്ചു കഴിഞ്ഞു.