മഹാരാഷ്ട്ര തീരത്ത് എ.കെ 47 തോക്കുകളും വെടിയുണ്ടകളും അടക്കമുള്ള ആയുധങ്ങളുമായി ബോട്ട് കണ്ടെത്തി. റായിഗഡിലെ ഹര ഹരേശ്വര്‍ തീരത്താണ് ബോട്ടടുത്തത്. ഇതോടെ മഹാരാഷ്ട്രയിലെങ്ങും പോലീസ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. എ.കെ 47 തോക്കുകള്‍ ബോട്ടില്‍ ഉണ്ടായിരുന്നതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ബോട്ടുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ഓസ്ട്രേലിയയില്‍ നിര്‍മ്മിച്ച ബോട്ടാണ് പോലീസ് പിടിച്ചെടുത്തതെന്നാണ് പുറത്തുവരുന്ന വിവരം. നാട്ടുകാരാണ് ബോട്ടിനെക്കുറിച്ച് പൊലീസിന് വിവരം നല്‍കിയത്. പ്രദേശത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
അനധികൃതമായാണ് ബോട്ട് കരയ്ക്കടുത്തതെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. മുംബയില്‍ നിന്ന് 200 കിലോമീറ്ററും പൂനെയില്‍ നിന്ന് 170 കിലോമീറ്ററും അകലെയാണ് ഈ സ്ഥലം. സംഭവത്തിന് പിന്നില്‍ ഭീകരവാദ സംഘടനകളാകാമെന്നും കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ചുവരികയാണെന്നും സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.
ഹരിഹരേശ്വര്‍ ബീച്ചിലേക്ക് വരുന്ന വിവരം ബോട്ടില്‍ ഉണ്ടായിരുന്നവര്‍ കോസ്റ്റ് ഗാര്‍ഡിനെ അറിയിച്ചിരുന്നില്ല. അതിനിടെ ഒമാന്‍ സുരക്ഷാ വിഭാഗത്തിന്റെ ബോട്ടാണ് റായ്ഗഡ് തീരത്ത് എത്തിയതെന്നും ഉപയോഗശൂന്യമായ ആയുധങ്ങളാണ് ബോട്ടില്‍ ഉള്ളതെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.