മധ്യപ്രദേശില്‍ ജബല്‍പൂരില്‍നിന്ന് പച്മാര്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെ കാണാതായ മലയാളി സൈനികന്‍ സഞ്ചരിച്ച വാഹനം കണ്ടെത്തി. പ്രളയത്തില്‍ ഒഴുകിപ്പോയ വാഹനം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. സൈനികനായുളള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. എറണാകുളം മാതമംഗലം സ്വദേശിയായ ക്യാപ്റ്റന്‍ നിര്‍മ്മല്‍ ശിവരാജനെയാണ് ഭാര്യയെ കണ്ട് മടങ്ങവേ മധ്യപ്രദേശില്‍ വെച്ച് കാണാതായത്.
മൂന്ന് ദിവസം മുന്‍പുണ്ടായ മിന്നല്‍ പ്രളയത്തില്‍ അദ്ദേഹം ഒറ്റപ്പെട്ട പോയതാണോ എന്ന സംശയത്തില്‍ തിരച്ചില്‍ പുരോഗമിക്കുകയാണ്. മധ്യപ്രദേശ് പൊലീസ് സംഘത്തിന് ഒപ്പം എന്‍ഡിആര്‍എഫ് സംഘത്തെയും തിരച്ചിലിന് നിയോഗിച്ചിട്ടുണ്ട്.
ഓഗസ്റ്റ് 15നു രാത്രിയില്‍ പച്മാര്‍ഹിയിലുള്ള ആര്‍മി എഡ്യൂക്കേഷന്‍ കോര്‍പ്‌സ് സെന്ററിലേക്കു പോകുന്നതിനിടെ പ്രളയത്തില്‍ പെട്ടതാണ് കാരണമെന്നാണ് സൂചന. കാറിന്റെ ജിപിഎസ് സിഗ്‌നല്‍ ലഭിച്ചെങ്കിലും ആദ്യം എവിടെയാണെന്നു കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഇന്നു നടത്തിയ അന്വേഷണത്തില്‍ കാര്‍ കണ്ടെത്തിയതായി സഹപ്രവര്‍ത്തകനായ ഉദ്യോഗസ്ഥനാണ് വീട്ടില്‍ അറിയിച്ചത്.
ജപല്‍പൂരില്‍ ലെഫ്റ്റനന്റ് ആയ ഗോപി ചന്ദ്രയാണ് നിര്‍മ്മലിന്റെ ഭാര്യ. നര്‍മ്മദാപുരത്തെ ബച്ച്വാര ഗ്രാമത്തിലാണ് നിമ്മലിന്റെ ഫോണിന്റെ അവസാന ടവര്‍ ലൊക്കേഷന്‍. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് പ്രദേശത്ത് തിരച്ചില്‍ നടത്തുന്നത്.