വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയെ ഊഞ്ഞാലാട്ടുന്ന പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. പിന്നീട് മുഹമ്മദ് റിയാസിനെ ശിവന്‍കുട്ടി ഊഞ്ഞാലാട്ടുന്നതും വിഡിയോയിലുണ്ട്. ഓണം വാരാഘോഷ ഓഫീസ് ഉദ്ഘാടനത്തിന് എത്തിയതായിരുന്നു മുഹമ്മദ് റിയാസും വി ശിവന്‍കുട്ടിയും. ഓഫീസ് ഉദ്ഘാടനം ചെയ്ത് രണ്ടുപേരും എത്തിയത് ഇതിനോട് ചേര്‍ന്ന് പുതുതായി കെട്ടിയ ഊഞ്ഞാലിന് മുന്നിലായിരുന്നു. തുടര്‍ന്നാണ് ഇരുവരും പരസ്പരം ഊഞ്ഞാലാടിയത്.
ഇരുവരും ഊഞ്ഞാലാട്ടത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. ‘യുവശക്തിയുടെ കരങ്ങളില്‍..’ എന്ന ക്യാപ്ഷന്‍ സഹിതമാണ് മന്ത്രി ശിവന്‍കുട്ടി വിഡിയോ പങ്കുവച്ചത്. ‘വിദ്യാഭ്യാസ മന്ത്രിയുടെ കരങ്ങള്‍ ശുദ്ധവും ശക്തവുമാണ്’ എന്ന ക്യാപ്ഷന്‍ സഹിതം മന്ത്രി മുഹമ്മദ് റിയാസും വിഡിയോ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചു.
കൊവിഡ് മഹാമാരി ജനങ്ങളെ ഒറ്റപ്പെടുത്തിയെ ഓണം എല്ലാവരെയും ഒന്നിപ്പിക്കുകയാണെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. ടൂറിസം ഡയറക്ടറേറ്റില്‍ നടന്ന പരിപാടിയില്‍ ജില്ലയിലെ എംഎല്‍എമാരും ടൂറിസം ഉദ്യോഗസ്ഥരും അടക്കം നിരവധി പേര്‍ പങ്കെടുത്തു.
തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരെ കണ്ട മന്ത്രി മുഹമ്മദ് റിയാസ് റോഡിലെ കുഴികളുമായി ബന്ധപ്പെട്ട് തെറ്റായ പ്രവണതകളെ ഇല്ലാതാക്കണമെന്ന് പറഞ്ഞു. ഇതിനായുള്ള പരിശ്രമത്തിന് എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. സുതാര്യത പ്രധാനപ്പെട്ട ഘടകമാണ്. പല കാര്യത്തിലും തെറ്റായ കൂട്ടുകെട്ടുണ്ട്. അതിനെ തുറന്ന് കാട്ടണം. തെറ്റുകളെ ചോദ്യം ചെയ്യണം. പൊതുമരാമത്ത് വകുപ്പ് നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നത്. തെറ്റിനെ പ്രതിരോധിക്കുന്ന ഏത് കാര്യത്തിനും പിന്തുണക്കുമെന്നും അദ്ദേഹം പറഞ്ഞു.