സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച ആദ്യ ഉത്തരവും വിവാദത്തില്‍. ജാതി ഇല്ലാത്തയാള്‍ക്കെതിരെ എസ് സി എസ് ടി ആക്ട് നിലനില്‍ക്കില്ലെന്നാണ് കോടതി പറഞ്ഞത്. സിവിക് ചന്ദ്രന്റെ എസ്എസ്എല്‍സി ബുക്കില്‍ ജാതി രേഖപ്പെടുത്തിയിട്ടില്ല. ഈ സാഹചര്യത്തില്‍ ഇയാള്‍ക്കെതിരെ കേസ് നിലനില്‍ക്കില്ല എന്നും കോടതി പറഞ്ഞു. എന്നാല്‍ ഈ പരാമര്‍ശം പട്ടിക ജാതി പട്ടിക വര്‍ഗ അതിക്രമ നിയമത്തിന് എതിരാണെന്നാണ് നിയമ വിദഗ്ധര്‍ പറയുന്നത്.
യുവ എഴുത്തുകാരിയും അദ്ധ്യാപികയുമായ ദളിത് യുവതിയുടെ പീഡന പരാതിയിലാണ് സിവിക് ചന്ദ്രന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. പട്ടികജാതിക്കാരിയാണെന്ന അറിവോടെയല്ല അതിക്രമം നടന്നത്. നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണ്. ജാതിരഹിത സമൂഹമാണ് ഭരണഘടനാ ശില്‍പികള്‍ ഉള്‍പ്പെടെ ലക്ഷ്യം വച്ചിരുന്നതെന്നാണ് കോടതിയുടെ നിരീക്ഷണം. അതിജീവിത കാര്യബോധമില്ലാത്തയാളെന്നും കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി ചൂണ്ടിക്കാട്ടി.
2020ല്‍ കോഴിക്കോട് നടന്ന ഒരു ക്യാമ്പിനിടെ സിവിക് ചന്ദ്രന്‍ പരാതിക്കാരിയെ ലൈംഗികമായി കീഴ്പ്പെടുത്താന്‍ ശ്രമിച്ചു എന്നാണ് കേസ്. മറ്റൊരു യുവ എഴുത്തുകാരിയും സിവിക് ചന്ദ്രനെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ചിരുന്നു. രണ്ടു പരാതിയിലും സിവിക് ചന്ദ്രന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.