ഫെയ്സ്ബുക്കിന്റെ ബി.ജെ.പി അനുകൂല നിലപാടുമായി ബന്ധപ്പെട്ട് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന് പിന്നാലെ കോണ്‍ഗ്രസ് ഫെയ്സ്ബുക്കിനയച്ച കത്ത് രാഹുല്‍ ഗാന്ധി പുറത്തുവിട്ടു. ഫേസ്ബുക്ക് ഇന്ത്യ എക്‌സിക്യൂട്ടീവുകളുടെ പക്ഷപാതവും സംശയാസ്പദമായ പ്രവര്‍ത്തനങ്ങളെയും കുറിച്ച് സമയബന്ധിതമായി ഉന്നതതല അന്വേഷണം നടത്തണമെന്ന് പാര്‍ട്ടി കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഫേസ്ബുക്കിന്റെ സീനിയര്‍ എക്സിക്യൂട്ടീവ് അങ്കി ദാസിന്റെ പേരും കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. മാര്‍ക്ക് സക്കര്‍ബര്‍ഗ് പ്രശ്നം ചൂണ്ടികാണിച്ചിട്ടും വലതുപക്ഷ നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങള്‍ക്ക് നേരെ കണ്ണടച്ചതില്‍ അങ്കി ദാസിന് പ്രധാന പങ്കുണ്ടെന്നാണ് വാള്‍സ്ട്രീറ്റ് ജേണലില്‍ വന്ന ലേഖനത്തില്‍ പറയുന്നത്.പക്ഷപാതം, വ്യാജവാര്‍ത്തകള്‍, വിദ്വേഷ ഭാഷണം എന്നിവയിലൂടെ കഠിനാധ്വാനത്തിലൂടെ നേടിയെടുത്ത ജനാധിപത്യത്തെ നശിപ്പിക്കുന്നത് അനുവദിക്കാനാവില്ല. വാള്‍സ്ട്രീറ്റ് ജേണല്‍ തുറന്നുകാട്ടിയതുപോലെ, വ്യാജവും വിദ്വേഷപരവുമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ ഫേസ്ബുക്കിന്റെ പങ്കാളിത്തം എല്ലാ ഇന്ത്യക്കാരും ചോദ്യം ചെയ്യേണ്ടതുണ്ട്, ”കത്ത് പങ്കുവച്ചുകൊണ്ടുള്ള ട്വീറ്റില്‍ രാഹുല്‍ ഗാന്ധി കുറിച്ചു.