ന്യൂ ഡൽഹി : 222 കോടി രൂപയുടെ കരാറടിസ്ഥാനത്തിൽ ഈ വർഷത്തെ ഐപിഎൽ മുഖ്യ സ്പോൺസർമാരായി ഫാൻ്റസി ഗെയിമിങ് സ്റ്റാർട്ടപ്പ് ഡ്രീം ഇലവൻ. അൺഅക്കാദമി, ടാറ്റ എന്നിവരെ പിന്തള്ളിയാണ് ഡ്രീം ഇലവൻ ഒരു വർഷത്തെ ഐപിഎൽ മുഖ്യ സ്പോൺസർഷിപ്പ് അവകാശം നേടിയെടുത്തത്.
മുൻ സ്പോൺസർമാരായിരുന്ന വിവോ 420 കോടി രൂപയാണ് പ്രതിവർഷം നൽകിയിരുന്നത്. ചൈനയുമായി തുടരുന്ന രാഷ്ട്രീയ പ്രശ്നങ്ങൾ മുൻ നിർത്തി ബിസിസിഐ വിവോയുമായുള്ള കരാർ അവസാനിപ്പിക്കുകയായിരുന്നു. ഇത്തവണ അൺഅക്കാദമി 210 കോടി രൂപയും ടാറ്റ സൺസ് 180 കോടി രൂപയുമാണ് ഐപിഎൽ സ്പോൺസർഷിപ്പിനായി മുന്നോട്ടുവച്ചത്. മലയാളി സംരംഭകൻ ബൈജു രവീന്ദ്രൻ്റെ ബൈജൂസ് ആപ്പ് 125 കോടി രൂപയും മുന്നോട്ടുവച്ചിരുന്നു. എന്നാൽ, ഇന്ത്യൻ ദേശീയ ടീം മുഖ്യ സ്പോൺസർ കൂടിയായ ബൈജുസ് ഉൾപ്പെടെയുള്ളവരുടെ പ്രപ്പോസൽ 222 കോടി രൂപയുമായി ഡ്രീം ഇലവൻ മറികടക്കുകയായിരുന്നു.

