നിമിഷപ്രിയയുടെ മോചന ഹര്‍ജി പരിഗണിക്കവെ വിഷയത്തില്‍ ഇനി ഒന്നും ചെയ്യാനില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചു. സര്‍ക്കാര്‍ സാധ്യമായത് ചെയ്തുവെന്നും കേന്ദ്രം സുപ്രീംകോടതിയില്‍ അറിയിച്ചു. മധ്യസ്ഥ സമിതിയെ നിയോഗിക്കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. എന്നാല്‍ വിഷയത്തില്‍ സര്‍ക്കാരിനെ സമീപക്കാന്‍ ഹര്‍ജിക്കാര്‍ക്ക് കോടതി നിര്‍ദേശം നല്‍കി. തുടര്‍ന്ന് കേസ് ഓഗസ്റ്റ് 14 ലേക്ക് നീട്ടി.
ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. നിമിഷ പ്രിയയുടെ മോചനത്തിനായി കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് സേവ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സിലാണ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ കയ്യൊഴിഞ്ഞ നിലപാടായിരുന്നു കേന്ദ്രതിന്റേത്. കേസില്‍ കേന്ദ്രസര്‍ക്കാരിന് ഒന്നും ചെയ്യാനാകില്ലെന്നായിരുന്നു വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയത്.
അതേസമയം നിമിഷ പ്രിയ മോചനവുമായി ബന്ധപ്പെട്ട് നിര്‍ദേശങ്ങളുമായി ആക്ഷന്‍ കൗണ്‍സില്‍ രംഗത്തെത്തി. ചര്‍ച്ചകള്‍ക്കായി 6 അംഗ സമിതിയെ രൂപീകരിക്കണമെന്നും ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. ആക്ഷന്‍ കൗണ്‍സിലില്‍ നിന്നും ഭാരവാഹികളായ കുഞ്ഞമ്മദ്, അഡ്വ. സുഭാഷ് ചന്ദ്രന്‍ എന്നിവരെ നിര്‍ദേശിക്കും. രണ്ട് മര്‍കസ് പ്രതിനിധികളെയും നിര്‍ദ്ദേശിക്കും. കേന്ദ്ര സര്‍ക്കാര്‍ നിയോഗിക്കുന്ന 2 ഉദ്യോഗസ്ഥരും സമിതിയില്‍ അംഗമാകണമെന്നാണ് കൗണ്‍സിലിന്റെ ആവശ്യം.

