കോട്ടയം: ഉമ്മന്‍ ചാണ്ടി ഓര്‍മ്മകള്‍ക്ക് ഇന്ന് രണ്ടാണ്ട്. 2023 ജൂലൈ 18നാണ് സമാനതകളില്ലാത്ത പ്രിയ നേതാവ് വിടവാങ്ങിയത്. അഞ്ച് പതിറ്റാണ്ട് നിയമസഭാ അംഗവും രണ്ടുതവണ മുഖ്യമന്ത്രിയുമായിരുന്ന കുഞ്ഞൂഞ്ഞിന്റെ ഓര്‍മകളിലാണ് ഇന്നും പുതുപ്പള്ളിയും കേരള രാഷ്ട്രീയവും. കക്ഷി രാഷ്ട്രീയ ഭേദമെന്യേ എല്ലാവരും ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മകളും അനുഭവങ്ങളും പറഞ്ഞ് തീര്‍ന്നിട്ടില്ല.
പുതുപ്പള്ളി പള്ളിയും കരോട്ടുവള്ളകാലയില്‍ വീടും ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതത്തില്‍ മാറ്റി നിര്‍ത്താന്‍ പറ്റാത്ത ഇടങ്ങളായിരുന്നു. വീട്ടിലെ കസേരയും മുറിയും ആളുകള്‍ കൂടിയിരുന്ന മുറ്റവും എല്ലാം ഇന്ന് ശൂന്യമാണ്. എത്രയോ സാധാരണക്കാര്‍ക്ക് ജീവിതത്തില്‍ പ്രതീക്ഷകള്‍ പകര്‍ന്ന ഇടം.
പ്രതിഷേധങ്ങളെ ചിരിച്ചു കൊണ്ടു നേരിട്ട നേതാവ് .രാഷ്ട്രീയ തിരക്കുകള്‍ക്ക് ഇടയിലും കുടുംബ കാര്യങ്ങളില്‍ ഉത്തരവാദിത്തത്തോടെ ഇടപെട്ടിരുന്ന കുടുംബനാഥന്‍. വാക്കുകളും വിശേഷണങ്ങളും ഒന്നും മതിയാവില്ല കുഞ്ഞൂഞ്ഞിന്. മണ്‍മറഞ്ഞ് രണ്ട് സംവത്സരങ്ങള്‍ പിന്നിടുമ്പോഴും മരിക്കാത്ത ഓര്‍മ്മകള്‍ ജ്വലിക്കുകയാണ്.

