കല്‍പ്പറ്റ: രാഹുല്‍ ഗാന്ധി രാജിവെക്കുന്ന ഒഴിവിലേക്ക് മത്സരിക്കാന്‍ പ്രിയങ്ക ഗാന്ധി എത്തുമ്പോള്‍ ദേശീയ രാഷ്ട്രീയത്തില്‍ വീണ്ടും ശ്രദ്ധാകേന്ദ്രമാവുകയാണ് വയനാട് മണ്ഡലം. രാഹുലിന് പകരം പ്രിയങ്ക എത്തുമ്പോള്‍ ഭൂരിപക്ഷം എത്ര ഉയരുമെന്നത് തന്നെയാണ് പ്രധാന ചര്‍ച്ച. പ്രിയങ്ക വയനാട്ടില്‍ മത്സരിക്കാനെത്തുമ്പോള്‍ വയനാട് ഗാന്ധി കുടുംബത്തിന്റെ തട്ടകമെന്ന പുതിയ വിശേഷം കൂടി ലഭിക്കും.
പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കാനുള്ള തീരുമാനത്തെ വയനാട്ടിലെ വോട്ടര്‍മാരും സ്വാഗതം ചെയ്യുകയാണ്. വയനാട്ടില്‍ ആദ്യം രാഹുല്‍ ജയിച്ചപ്പോള്‍ 4,31000 ല്‍ അധികം വോട്ടിന്റെ റെക്കോഡ് ഭൂരിപക്ഷമുണ്ടായിരുന്നു. രണ്ടാം തവണ 3,60000 വോട്ടുകളുടെ ഭൂരിപക്ഷവും നേടാനായി. ഇനി പ്രിയങ്ക ഗാന്ധി എത്തുമ്പോഴും ആകാംക്ഷ ഭൂരിപക്ഷത്തില്‍ തന്നെയാണ്. രാഹുലിന്റെ പ്രചാരണത്തിനായി വയനാട്ടില്‍ പ്രിയങ്ക ഒറ്റയ്ക്ക് എത്തിയപ്പോള്‍ ഒഴുകിയെത്തിയ ആള്‍ക്കൂട്ടം തന്നെയാണ് ഭൂരിപക്ഷം ഉയര്‍ത്തുമെന്ന ആത്മവിശ്വാസം യുഡിഎഫിന് നല്‍കുന്നത്.
മുന്‍ തെരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥിയുടെ സാന്നിധ്യം കുറവായിരുന്നു പ്രചാരണത്തിന്. എന്നാല്‍, ഇത്തവണ ആ പ്രശ്നമുണ്ടാകില്ല. പ്രിയങ്ക ഗാന്ധിക്കെതിരെ വയനാട്ടില്‍ ഇടത് സ്ഥാനാര്‍ത്ഥിയുണ്ടാകുമെന്നുറപ്പ്. ആനിരാജ തന്നെ വരുമോ എന്ന് കാത്തിരിക്കണം. ബിജെപിക്കായി വനിതാ സ്ഥാനാര്‍ത്ഥി രംഗത്തിറങ്ങുമോയെന്ന് ചര്‍ച്ചയും സജീവമാണ്.