പ്രതിപക്ഷത്തിന് പിന്നാലെ മണിപ്പൂർ കലാപത്തിൽ പ്രധാനമന്ത്രിയുടെ ഇടപെടൽ തേടി സംസ്ഥാന സർക്കാരും. സ്പീക്കറുടെ നേതൃത്വത്തില്‍ എട്ട് അംഗ സംഘം പ്രധാനമന്ത്രിയെ കാണാന്‍ ദില്ലിയിലെത്തി. അതേ സമയം, ഗുജറാത്തിലെ പ്രളയ സാഹചര്യത്തില്‍ മന്‍ കി ബാത്തില്‍ ആശങ്കയറിയിച്ച പ്രധാനമന്ത്രി മണിപ്പൂരിനെ പരാമര്‍ശിച്ചതേയില്ല.
മണിപ്പൂരിൽ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ എന്നതില്‍ നിന്ന് മാറി ബിജെപി കേന്ദ്ര സംസ്ഥാന മന്ത്രിമാരുടെയും നേതാക്കളുടെയും വസതികള്‍ക്ക് നേരെ വ്യാപക ആക്രമണം തുടങ്ങിയതോടെ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. നിയമസഭ സ്പീക്കര്‍, രണ്ട് മന്ത്രിമാര്‍, കേന്ദ്രസഹമന്ത്രി, ഒരു എംഎല്‍എ, ബിജെപി സംസ്ഥാന അധ്യക്ഷ തുടങ്ങിയവരുടെ വസതികളാണ് അക്രമികള്‍ ഉന്നമിട്ടത്. കലാപം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ ഇടപെടുന്നില്ലെന്ന രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. കുക്കി വിഭാഗങ്ങള്‍ നടത്തുന്ന അക്രമങ്ങള്‍ക്ക് നേരെ സര്‍ക്കാര്‍ കണ്ണടച്ചിരിക്കുകയാണെന്ന് മെയ്തി വിഭാഗം പരസ്യമായി ആക്ഷേപിക്കുകയും ചെയ്തു. നിയമസഭ സ്പീക്കര്‍ ടി സത്യബ്രതയുടെ നേതൃത്വത്തിലാണ് 8 അംഗ സംഘം പ്രധാനമന്ത്രിയെ കാണാന്‍ ദില്ലിയിലെത്തിയിരിക്കുന്നത്. കഴിഞ്ഞ 10 മുതല്‍ ദില്ലിയില്‍ തുടരുന്ന പ്രതിപക്ഷ സംഘത്തെ കാണാന്‍ പ്രധാനമന്ത്രി ഇനിയും കൂട്ടാക്കിയിട്ടില്ല. സര്‍ക്കാരിന്‍റെ മൗനം ദുരൂഹമാണെന്ന് പ്രതിപക്ഷ പ്രതിനിധി സംഘം പറഞ്ഞു