പോക്സോ കേസ് പ്രതി മോന്‍സന്‍ മാവുങ്കൽ പെൺകുട്ടിയെ പീഡിപ്പിക്കുന്ന സമയത്ത് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ സ്ഥലത്തുനാടായിരുന്നെന്ന സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ വെളിപ്പെടുത്തലുകൾ തള്ളി ക്രൈം ബ്രാഞ്ച്. സംഭവ സമയത്ത് സുധാകരൻ സ്ഥലത്തുണ്ടായിരുവെന്ന് അതി ജീവിത മൊഴി നൽകിയിട്ടില്ലെന്നും സുധാകരനെ ചോദ്യംചെയ്യാന്‍ നോട്ടീസ് നല്‍കിയത് തട്ടിപ്പുക്കേസില്‍ മാത്രമാണെന്നും ക്രൈംബ്രാഞ്ച് വിശദീകരിച്ചു.
നിലവില്‍ അതിജീവിതയുടെ ഭാഗത്തുനിന്നും ഇത്തരത്തിലൊരു മൊഴി സുധാകരനെതിരേയില്ല. ചോദ്യംചെയ്യലില്‍ സുധാകരനെതിരായ എല്ലാ ആരോപണങ്ങളിലും വ്യക്തത വരുത്തും. മോന്‍സന്‍ മാവുങ്കല്‍ ഒന്നും പ്രതിയും കെ. സുധാകരന്‍ രണ്ടാം പ്രതിയുമായ കേസിലാണ് ചോദ്യംചെയ്യലിന് നോട്ടീസ് നല്‍കിയത്. പോക്‌സോ കേസിലല്ല സുധാകരനെ ചോദ്യംചെയ്യുന്നതെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
പോക്‌സോ കേസില്‍ വിധി വന്ന് തൊട്ടടുത്ത ദിവസമാണ് ഗുരുതര ആരോപണവുമായി സി.പി.എം. സംസ്ഥാന സെക്രട്ടറി രംഗത്തെത്തിയത്. ഇതിന്റെ കൂടെ പശ്ചാത്തലത്തിലാണ് ക്രൈംബ്രാഞ്ച് വിശദീകരണം. അത്തരത്തിലൊരു മൊഴി പെണ്‍കുട്ടി നല്‍കിയിരുന്നെങ്കില്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ എന്തുകൊണ്ട് മുഖവിലയ്‌ക്കെടുത്തില്ലെന്നതടക്കമുള്ള നിയമപ്രശ്‌നങ്ങള്‍ ഉടലെടുക്കുമായിരുന്നു.