കോഴിക്കോട് കോര്‍പറേഷന്‍ ഓഫിസിലെ ഉദ്യോഗസ്ഥരുടെ പാസ്വേഡ് ചോര്‍ത്തി പൊളിക്കാന്‍ പറഞ്ഞ കെട്ടിടങ്ങള്‍ക്കു നമ്പര്‍ നല്‍കി. സംഭവത്തില്‍ കോര്‍പറേഷന്‍ റവന്യു വിഭാഗത്തിലെ നാല് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനം. ഉദ്യോഗസ്ഥരുടെ പാസ്‌വേഡ് ദുരുപയോഗം ചെയ്യപ്പെട്ടതിനാണു നടപടി.
കോഴിക്കോട് കോര്‍പറേഷന്‍ ഓഫീസ് സൂപ്രണ്ട്, റവന്യൂ ഇന്‍സ്പെക്ടര്‍, ബേപ്പൂര്‍ സോണല്‍ സൂപ്രണ്ട്, റവന്യു ഓഫീസര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. ജീവനക്കാര്‍ ഗുരുതരമായ ചട്ടലംഘനം നടത്തിയെന്ന് കോര്‍പറേഷന്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു.
ഈ മാസം ആദ്യമാണ് ക്രമക്കേട് നടന്നതെന്നാണ് വിവരം. അടുത്തിടെ അനുമതി നല്‍കിയ മുഴുവന്‍ കെട്ടിടങ്ങളുടെയും രേഖകള്‍ പരിശോധിക്കാനും കോര്‍പറേഷന്‍ സെക്രട്ടറി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സെക്രട്ടറിയുടെ പാസ് വേര്‍ഡ് ചോര്‍ത്തിയാണ് പൊളിക്കാന്‍ നിര്‍ദ്ദേശിച്ച കെട്ടിടങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ നമ്പര്‍ നല്‍കിയത്.
നമ്പര്‍ നല്‍കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക സോഫ്റ്റ്വെയറുണ്ട്. ഇതിന് പ്രത്യേക യൂസര്‍ ഐഡിയും പാസ്വേര്‍ഡും ഓരോ ഉദ്യോഗസ്ഥര്‍ക്കുമുണ്ട്. ഈ ഐഡികള്‍ കൊണ്ട് ഓഫീസില്‍ നിന്നല്ലാതെ പുറമേ നിന്നും ലോഗിന്‍ ചെയ്താണ് നമ്പര്‍ നല്‍കിയിരിക്കുന്നത്. മുന്‍പ് നിര്‍ദ്ദേശം പാലിക്കാതെ പണിത ഈ കെട്ടിടത്തിന് പൊളിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ കെട്ടിടം പുതുക്കിപണിത ശേഷം വീണ്ടും ലൈസന്‍സിനായി അപേക്ഷിച്ചു. ഈ കെട്ടിടമുള്‍പ്പടെ പൊളിക്കാന്‍ നിര്‍ദ്ദേശിച്ച നാലോളം കെട്ടിടങ്ങള്‍ക്കാണ് ഇപ്പോള്‍ ഇത്തരത്തില്‍ ക്രമവിരുദ്ധമായി നമ്പര്‍ നല്‍കിയിരിക്കുന്നത്. നമ്പര്‍ ലഭിച്ചതോടെ ഇവര്‍ നികുതിയുമടച്ചിരുന്നു. അന്വേഷണത്തില്‍ കിട്ടിയ വിവരങ്ങള്‍ കോര്‍പറേഷന്‍ അധികൃതര്‍ സൈബര്‍ പൊലീസിന് കൈമാറിയിട്ടുണ്ട്.