മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു. സെക്രട്ടറിയേറ്റിനുള്ളിലേക്ക് കുപ്പിയേറുമുണ്ടായി. ഇതോടെ പൊലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. ലാത്തിയും വീശി. ലാത്തിച്ചാര്‍ജിൽ യൂത്ത് കോൺഗ്രസ് വനിതാ പ്രവര്‍ത്തകക്ക് പരിക്കേറ്റുമുന്നൂറോളം പ്രവര്‍ത്തകരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. പ്രകോപനപരമായ പെരുമാറ്റവും പ്രകോപനവുമുണ്ടായാല്‍ നേരിടാന്‍ വന്‍ പോലീസ് സന്നാഹമാണ് തലസ്ഥാന നഗരത്തില്‍ ഒരുക്കിയിരിക്കുന്നത്. മാര്‍ച്ചിനെ തുടര്‍ന്ന് പാളയം മുതല്‍ പുളിമൂട് വരെ രണ്ട് വശങ്ങളിലും പോലീസ് വലയമുണ്ടായിരുന്നു. എല്ലാ വശത്തും ബാരിക്കേഡ് കെട്ടി ഗതാഗതം പൂര്‍ണമായി തടഞ്ഞിട്ടുണ്ട്. പല തവണ പ്രവര്‍ത്തകര്‍ അക്രമത്തിലേക്ക് കടക്കാന്‍ ശ്രമിച്ചപ്പോള്‍ മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് അനുനയിപ്പിച്ചിരുന്നു.നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതായാണ് വിവരം. മാര്‍ച്ചിനിടെ ബാരിക്കേഡ് തള്ളിമാറ്റാൻ പ്രതിഷേധക്കാര്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. പിന്നാലെ കല്ലേറും ഉണ്ടായി. ഇതോടെ പൊലീസ് നടപടി ആരംഭിച്ചു. പൊലീസ് പ്രകോപനമില്ലാതെ പ്രതികാര നടപടിയെടുക്കുകയായിരുന്നുവെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു.