ചാത്തമംഗലം ഗ്രാമ പഞ്ചായത്തിലേക്കും സമീപത്തുള്ള 7 പഞ്ചായത്തുകളിലേക്കുമായി 572 കോടി രൂപ ചെലവില്‍ ഒരു വന്‍കിട കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നതിന് തത്വത്തില്‍ അംഗീകാരമായി. ചാത്തമംഗലം പഞ്ചായത്തിലെ താന്നിക്കോട് മലയില്‍ സ്ഥാപിക്കുന്ന 60 ലക്ഷം ലിറ്റര്‍ ശേഷിയുളള ടാങ്കിലാണ് ഇതിനാവശ്യമായ വെള്ളം സംഭരിക്കുക. കുളിമാട് പി.എച്ച്.ഇ.ഡിയില്‍ വാട്ടര്‍ അതോറിറ്റി
കൈവശമുള്ള മൂന്നര ഏക്കര്‍ സ്ഥലത്ത് സ്ഥാപിക്കുന്ന ശുദ്ധീകരണ ശാലയില്‍ നിന്നാണ് ഇതിനാശ്യമായ വെള്ളം ലഭ്യമാക്കുക. മൊത്തം 62,856 കണക്ഷനുകളാണ് ഈ പദ്ധതിയിലൂടെ നല്‍കുന്നതിന് വിഭാവനം ചെയ്തിട്ടുള്ളത്. ഇതില്‍ ഏറ്റവും കൂടിയ 10,704 കണക്ഷനുകള്‍ ചാത്തമംഗലം ഗ്രാമപഞ്ചായത്തില്‍ മാത്രമായി നല്‍കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്.
ചാത്തമംഗലത്തിന് പുറമേ മടവൂര്‍, കിഴക്കോത്ത്, താമരശ്ശേരി, കട്ടിപ്പാറ, ഉണ്ണികുളം, കോടഞ്ചേരി, പുതുപ്പാടി എന്നീ പഞ്ചായത്തുകളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
കുന്ദമംഗലം നിയോജക മണ്ഡലത്തിലെ 6 പഞ്ചായത്തുകളിലായി നടപ്പിലാക്കി വരുന്ന ജലജീവന്‍ പദ്ധതി പ്രവര്‍ത്തികള്‍ ത്വരിതഗതിയില്‍ പൂര്‍ത്തീകരിക്കുന്നതിന് വാട്ടര്‍ അതോറിറ്റി നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത പഞ്ചായത്ത് പ്രസിഡണ്ടുമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ തീരുമാനിച്ചു.
പദ്ധതി നടപ്പിലാക്കുന്നതില്‍ പ്രാദേശികമായി ഉയര്‍ന്നുവരുന്ന വിഷയങ്ങള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരുടെ മേല്‍നോട്ടത്തില്‍ പരിഹരിക്കുന്നതിനും പൈപ്പ് ലൈന്‍ ഇടുന്നതിന് കിടങ്ങ് കീറുന്ന റോഡുകള്‍ സമയബന്ധിതമായി ഗതാഗതയോഗ്യമാക്കുന്നതിനും നടപടികള്‍ സ്വീകരിക്കും.
ഗ്രാമപഞ്ചായത്തുകളും ഗുണഭോക്തൃ സമിതികളും നേരിട്ട് നടത്തുന്ന കുടിവെള്ള പദ്ധതി ടാങ്കുകളിലേക്ക് ജലജീവനില്‍ ഉള്‍പ്പെടുത്തി കുറഞ്ഞ നിരക്കില്‍ ബള്‍ക്കായി കുടിവെള്ളം ലഭ്യമാക്കുന്നതിനും പൊതുമരാമത്ത് റോഡുകളില്‍ പൈപ്പ് ലൈന്‍ ഇടുന്നത് സംബന്ധിച്ച പ്രതിസന്ധി പരിഹരിക്കുന്നതിന് എം.എല്‍.എ മുന്‍കൈയെടുത്ത് ഉദ്യോഗസ്ഥ തലത്തിലുള്ള സംയുക്ത യോഗം വിളിച്ചു ചേര്‍ക്കുന്നതിനും തീരുമാനിച്ചു.
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂളി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ ഓളിക്കല്‍ ഗഫൂര്‍, പുലപ്പാടി ഉമ്മര്‍, എം.കെ സുഹറാബി, ഷാജി പുത്തലത്ത്, പി ശാരുതി, കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി അനില്‍കുമാര്‍, കെ.ഡബ്ല്യു.എ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ ജമാല്‍, അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാരായ സി ജിതേഷ്, പി.കെ നന്ദകുമാര്‍, അസി. എന്‍ജിനീയര്‍മാരായ യു.കെ സത്യന്‍, പി മുനീര്‍, എന്‍ ബിനോജ്കുമാര്‍ സംസാരിച്ചു.