കോഴിക്കോട്: “വിവേചനങ്ങളെ വിചാരണ ചെയ്യുക വിധേയത്വങ്ങളോട് വിസമ്മതിക്കുക” എന്ന തലക്കെട്ടിൽ ജൂലൈ 1 മുതൽ 20 വരെ ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് ഷംസീർ ഇബ്രാഹിം നയിക്കുന്ന സാഹോദര്യ രാഷ്ട്രീയ ജാഥയുടെ വിജയത്തിന് ജില്ലയിൽ സ്വാഗത സംഘം രൂപീകരിച്ചു. നടക്കാവ് വെൽഫെയർ പാർട്ടി ജില്ലാ ഓഫീസിൽ നടന്ന യോഗത്തിൽ വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് അസ്‌ലം ചെറുവാടിയെ ചെയർമാനായും, ഫ്രറ്റേണിറ്റി ജില്ലാ വൈസ് പ്രസിഡന്റ് മുനീബ് എലങ്കമലിനെ ജനറൽ കൺവീനർ ആയും നിശ്ചയിച്ചു. മൂന്നു ദിവസങ്ങളിലായി കോഴിക്കോട് ജില്ലയിൽ പ്രവേശിക്കുന്ന ജാഥയുടെ സന്ദേശവും, ആവേശവും ജില്ലയിലെ ക്യാമ്പസുകളിലും, നഗരങ്ങളിലും എത്തിച്ചേരുന്നതിന് ആവശ്യമായ സജ്ജീകരണം ഒരുക്കാൻ കമ്മിറ്റി തീരുമാനിച്ചു. വിവിധ വകുപ്പുകളെയും കൺവീനർമാരെയും നിശ്ചയിച്ചു. യോഗത്തിൽ ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി കെ എം ഷെഫ്രിൻ ജാഥയെ വിശദീകരിച്ച് സംസാരിച്ചു. വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി ടി കെ മാധവൻ സ്വാഗതവും ഫ്രറ്റെണിറ്റി ജില്ലാ പ്രസിഡന്റ് റഹീം ചേന്ദമംഗലൂർ സമാപനവും നടത്തി.