തിരുവനന്തപുരം∙ കൊച്ചി കോർപറേഷൻ വിദ്യാഭ്യാസ സ്ഥിരം സമിതിയിലേക്ക് യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ നിന്ന് വിട്ടുനിൽക്കാന്‍ നൽകിയ വിപ്പു ലംഘിച്ച ബിജെപി മഹിളാ മോർച്ച ദേശീയ സെക്രട്ടറി പദ്മജ എസ്.മേനോനെ സ്ഥാനത്തു നിന്ന് പുറത്താക്കിയതായി നേതൃത്വം. ഇന്നലെ ചേർന്ന സംസ്ഥാന സമിതിയോഗത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ തീരുമാനം അറിയിക്കുകയായിരുന്നു.
ഗുരുതരമായ അച്ചടക്ക ലംഘനമാണ് പദ്മജയുടെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് നേതൃത്വം വിലയിരുത്തി. കർണാടകയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ആയിരുന്ന പദ്മജ കോർപറേഷൻ യോഗത്തിനെത്തില്ല എന്നായിരുന്നു നേതൃത്വത്തിന്റെ ധാരണ. യോഗത്തിനെത്തിയതോടെ വിപ്പ് നൽകിയെങ്കിലും അവർ കൈപ്പറ്റിയില്ലെന്ന് നേതൃത്വം പറയുന്നു.
വിപ്പ് ലംഘിച്ചതോടെ കർണാടകയിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലായിരുന്ന പദ്മജയെ അവിടെയുള്ള പ്രവർത്തനങ്ങളിൽനിന്ന് മാറ്റാന്‍ ബിജെപി നേതൃത്വം ആവശ്യപ്പെട്ടിരുന്നു. കലക്ടർക്ക് വിപ്പ് അടങ്ങിയ കത്ത് പാർട്ടി കൈമാറി. ദേശീയ നേതാവായതിനാൽ ബിജെപി ജില്ലാ നേതൃത്വത്തിന് നടപടിയെടുക്കാൻ കഴിയാത്തതിനാൽ കേന്ദ്ര നേതൃത്വത്തെ വിവരം അറിയിച്ചു.
പദ്മജ യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചത് തങ്ങളുടെ അറിവോടെയല്ലെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കിയിരുന്നു. 2021ലാണ് പദ്മജയെ മഹിളാ മോർച്ച ദേശീയ സെക്രട്ടറിയായി നിയമിച്ചത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തിൽനിന്ന് ബിജെപി സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. എറണാകുളം സൗത്ത് വാർഡിൽ (62) നിന്നാണ് പദ്മജ വിജയിച്ചത്. പുറത്താക്കിയതിനെ സംബന്ധിച്ച് ബിജെപി നേതൃത്വത്തോട് ചോദിക്കണമെന്ന് പദ്മജ പ്രതികരിച്ചു.