വിദ്വേഷ പ്രചാരണവും വളച്ചൊടിച്ച വസ്തുതകളുമാണ് കേരള സ്റ്റോറി സിനിമയിലുള്ളതെന്ന് പശിമ ബംഗാൾ സർക്കാർ സുപ്രീം കോടതിയിൽ. സാമുദായിക സ്പർധ ഉണ്ടാക്കുന്ന കാര്യങ്ങളാണ് ചിത്രത്തിലുള്ളതെന്നും സിനിമ സംസ്ഥാനത്ത് നിരോധിച്ചതിനെ ന്യായീകരിച്ചുകൊണ്ട് സർക്കാർ വ്യക്തമാക്കി
ചിത്രം പ്രദർശിപ്പിച്ചാൽ തീവ്രവാദസംഘങ്ങൾ തമ്മിൽ കലഹമുണ്ടാവാൻ സാധ്യതയുണ്ടെന്ന് ബംഗാൾ സർക്കാർ പറഞ്ഞു. മതവികാരം വ്രണപ്പെടുത്തുന്ന ഒന്നിലേറെ സീനുകൾ ചിത്രത്തിലുണ്ടെന്നും സർക്കാർ ചൂണ്ടിക്കാട്ടി.
അതേസമയം, ‘ദി കേരള സ്റ്റോറി’ കാണാൻ അവസരം നൽകണമെന്നാവശ്യപ്പെട്ട് ബംഗാളിലെ മുസ്‌ലിം വിമെൻസ് റെസിസ്റ്റൻസ് കമ്മിറ്റി എന്ന സംഘടന സുപ്രീംകോടതിയെ സമീപിച്ചു. വിഷയം സുപ്രീംകോടതി വ്യാഴാഴ്ച പരിഗണിക്കും.
എന്നാൽ, ചിത്രം കാണാൻ തങ്ങൾക്കും അവകാശമുണ്ടെന്നാണ് മുസ്‌ലിം വിമെൻസ് റെസിസ്റ്റന്റ്‌സ് കമ്മിറ്റിയുടെ വാദം. തങ്ങൾ ഒരു മതത്തിനും എതിരല്ല. ചിത്രം കണ്ടശേഷം അതിൽ സാമുദായിക വിദ്വേഷമുണ്ടാക്കുന്ന കാര്യങ്ങളുണ്ടെങ്കിൽ ബന്ധപ്പെട്ട അധികൃതർക്ക് പരാതി നൽകുമെന്നും അഡ്വ. വി.കെ. ബിജുവഴി ഫയൽചെയ്ത ഹർജിയിൽ കമ്മിറ്റി ചൂണ്ടിക്കാട്ടി. നേരത്തേ, മുത്തലാഖിനെതിരേയും ഈ സംഘടന ഹർജി നൽകിയിരുന്നു.