കെ.കെ ശൈലജ ടീച്ചര്‍ക്ക് മന്ത്രിസ്ഥാനം നല്‍കാത്തതിനെതിരെ സി.പി.ഐ.എം കേരളയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വിമര്‍ശനം.
സി.പി.ഐ.എം പാര്‍ലമെന്ററി പാര്‍ട്ടി നേതാവായും മുഖ്യമന്ത്രിയായും പിണറായി വിജയനെ സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചെന്നും മന്ത്രിമാരായി എം.വി.ഗോവിന്ദന്, കെ.രാധാകൃഷ്ണന്, കെ.എന്‍ ബാലഗോപാല്‍, പി.രാജീവ്, വി.എന്‍.വാസവന്, സജി ചെറിയാന്, വി.ശിവന്‍കുട്ടി, മുഹമ്മദ് റിയാസ്, ഡോ.ആര്.ബിന്ദു, വീണാ ജോര്‍ജ്, വി.അബ്ദുള്‍ റഹ്മാന് എന്നിവരെ നിശ്ചയിച്ചെന്നും സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായി എം.ബി രാജേഷിനേയും, പാര്‍ട്ടി വിപ്പായി കെ.കെ.ശൈലജ ടീച്ചറേയും പാര്‍ലമെന്ററി പാര്‍ടി സെക്രട്ടറിയായി ടി.പി രാമകൃഷ്ണനേയും തീരുമാനിച്ചെന്നും അറിയിച്ചുകൊണ്ടുള്ള പോസ്റ്റിന് താഴെയായിരുന്നു പ്രതിഷേധവുമായി നിരവധി പേര് രംഗത്തെത്തിയത്.
മന്ത്രിസഭയുടെ മുഖം തന്നെയായിരുന്നു ശൈലജ ടീച്ചറെന്നും ടീച്ചറെ ഒഴിവാക്കിയത് ഒരു കാരണവശാലും അംഗീകരിക്കുന്നില്ലെന്നും അങ്ങനെയെങ്കില്‍ മുഖ്യനെയും ഒഴിവാക്കി പുതുമുഖം വേണമായിരുന്നെന്നുമാണ് ചിലരുടെ പ്രതികരണം.