മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയ പാര്‍ട്ടി നടപടിയോട് പ്രതികരിച്ച് കെകെ ശൈലജ. തീരുമാനം പാർട്ടിയുടേതാണ് , അത് പൂര്‍ണ്ണമായും അംഗീകരിക്കും, മറ്റൊരു പ്രതികരണത്തിനും ഇല്ലെന്ന് കെകെ ശൈലജ പറഞ്ഞു.
ഏറെ ചര്‍ച്ചകൾക്ക് ശേഷമാണ് രണ്ടാം പിണറായി വിജയൻ സർക്കാരിൽ കെകെ ശൈലജ ഉണ്ടാകില്ലെന്ന നിര്‍ണ്ണായക തീരുമാനം വന്നത്. എല്ലാം പുതുമുഖങ്ങൾ എന്നത് പാര്‍ട്ടി തീരുമാനം ആണെന്നും കെകെ ശൈലജക്ക് വേണ്ടി മാത്രം അത്തരത്തിൽ ഇളവ് നൽകേണ്ടതില്ലെന്നും സിപിഎം തീരുമാനിക്കുകയായിരുന്നു. 12 സിപിഎം മന്ത്രിമാരിൽ പിണറായി വിജയൻ ഒഴികെ ബാക്കിയെല്ലാം പുതുമുഖങ്ങളാണ്.
കൊവിഡ് വ്യാപനം അടക്കം സാഹചര്യം നിലനിൽക്കെ കഴിഞ്ഞ മന്ത്രിസഭയിൽ മികച്ച പ്രകടനം കാഴ്ചവച്ച മന്ത്രിയെന്ന നിലയിലാണ് കെകെ ശൈലജയുടെ പേര് മാത്രം ചര്‍ച്ചകളിൽ ഉയര്‍ന്ന് വന്നത്. ആരോഗ്യമന്ത്രിയെന്ന നിലയിൽ ആഗോളതലത്തിൽ തന്നെ നേടിയെടുത്ത സൽപ്പേരും മട്ടന്നൂര്‍ മണ്ഡലത്തിൽ നിന്നുണ്ടായ വലിയ വിജയവും എല്ലാം ഒപ്പം പരിഗണിക്കണമെന്ന ആവശ്യവും ഉയര്‍ന്ന് വന്നിരുന്നു. എന്നാൽ സംഘടനാ തീരുമാനത്തിന് അപ്പുറം വ്യക്തികൾക്ക് പരിഗണന നൽകേണ്ടതില്ലെന്ന അഭിപ്രായമാണ് സിപിഎം കൈക്കൊണ്ടത്.

