ഓമശ്ശേരി: വേനപ്പാറയിലെ ശാന്തി നഴ്സിംഗ് കോളജ് ഹോസ്റ്റലിൽ പ്രവർത്തിക്കുന്ന കോവിഡ് കെയർ സെൻററിൽ 30 പ്രവാസികളെ ക്വാറൻറയിനിൽ നിരീക്ഷണത്തിലാക്കി. കുവൈത്തിൽ നിന്നും ബുധനാഴ്ച രാത്രി കോഴിക്കോട്ട് എയർപോർട്ടിൽ എത്തിയവരെയാണ് നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചത്. താമരശ്ശേരി താലുക്കിന് കീഴിൽ പ്രവർത്തിക്കുന്ന കോവിഡ് കെയർ സെൻ്ററിൽ കോഴിക്കോട് ജില്ലയിൽ നിന്നുള്ള പ്രവാസികളെയാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
സംസ്ഥാന സർക്കാർ നിർദ്ദേശം എത്തിയതിനു പിന്നാലെ നിരവധി കെട്ടിടങ്ങളാണ് കെയർ സെന്ററിനായി പരിഗണയിലുണ്ടായിരുന്നത്. ഇതിൽ അറ്റാച്ഡ് ബാത്രൂം അടക്കം മുഴുവൻ സൗകര്യങ്ങളും ഉള്ള ശാന്തി നഴ്സിംഗ് കോളജ് ഹോസ്റ്റലുകൾ പോലുള്ള കെട്ടിടങ്ങളാണ് നിലവിൽ ജില്ലാ ഭരണ കൂടം തിരഞ്ഞെടുത്തിരിക്കുന്നത്.
ഓമശ്ശേരി ഗ്രാമ പഞ്ചായത്തിൻറെ നേതൃത്വത്തിലാണ് നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ആവശ്യമായ സൗകര്യങ്ങളും ഭക്ഷണവും ഏർപ്പെടുത്തുന്നത്. ആരോഗ്യ റവന്യൂ വകുപ്പ് ജീവനക്കാരുടെ മേൽനോട്ടത്തിലുമാണ് സെൻറർ പ്രവർത്തിക്കുന്നത്.