ന്യൂഡൽഹി∙ ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവള നിർമാണത്തിനു കേന്ദ്ര വ്യോമയാന വകുപ്പിന്റെ സൈറ്റ് ക്ലിയറൻസ് ലഭിച്ചതില്‍ സന്തോഷം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്ദേഹം തന്റെ ട്വീറ്ററിലൂടെയാണ് സന്തോഷം പ്രകടമാക്കിയത്. വിനോദസഞ്ചാരത്തിന് പ്രത്യേകിച്ച് ആത്മീയ ടൂറിസത്തിനു വലിയ വാര്‍ത്തയാണിതെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
വിമാനത്താവളത്തിനായി ഇപ്പോൾ തിരഞ്ഞെടുത്തിരിക്കുന്ന ചെറുവള്ളി എസ്റ്റേറ്റ് ഉൾപ്പെടെയുള്ള ഭൂമി വിമാനത്താവള നിർമാണത്തിന് അനുയോജ്യമാണെന്ന അനുമതിയാണ് കഴിഞ്ഞ ദിവസം ലഭിച്ചത്. വിമാനത്താവളത്തെ സംബന്ധിച്ച് സുപ്രധാന അനുമതിയാണിത്.ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയും ഉന്നയിച്ച സംശയങ്ങൾക്കു തൃപ്തികരമായ മറുപടി നൽകിയതോടെയാണു ക്ലിയറൻസ് ലഭിച്ചത്.
എസ്റ്റേറ്റ് യോജ്യമെന്നുള്ള അനുമതി ലഭിച്ചതോടെ ഭൂമിയേറ്റെടുക്കലാണ് അടുത്തഘട്ടം. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപറേഷൻ ഇതിന്റെ പ്രാരംഭ നടപടികൾ ആരംഭിച്ചിട്ടുണ്ട്. പദ്ധതിയുടെ വിശദമായ റിപ്പോർട്ട് തയാറാക്കൽ, നിർമാണത്തിനും നടത്തിപ്പിനും വേണ്ടി കമ്പനി രൂപീകരിക്കൽ, കൺസൽറ്റൻസി നിയമനം എന്നിവയാണു തുടർനടപടികൾ. ഭൂമിയേറ്റെടുത്തു കഴിഞ്ഞാൽ നിർമാണത്തിനുള്ള ടെൻഡർ നടപടികളിലേക്കും കടക്കാം.

