ബെംഗളൂരു: നിയമസഭ തെരഞ്ഞടുപ്പിലേക്ക് കടക്കുന്ന കർണാടകയിൽ കോൺഗ്രസിന് പ്രതീക്ഷയേകി ‘ലോക് പോൾ’ പ്രീ പോൾ സർവേ. കോൺഗ്രസ് 131 സീറ്റുകൾ വരെ നേടി കോൺഗ്രസ് മികച്ച ജയം നേടിയേക്കുമെന്നാണ് സർവേ ഫലം. ഫെബ്രുവരി മാസത്തിൽ ലോക് പോൾ നടത്തിയ സർവേയിൽ നിന്ന് മാർച്ചിലെത്തിയപ്പോഴേക്ക് കോൺഗ്രസിന് സീറ്റുകൾ കൂടുകയും ബിജെയുടേതിൽ കുറവുണ്ടാവുകയും ചെയ്തു എന്നതും ശ്രദ്ധേയമാണ്.
മുൻ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ പാർട്ടി വിട്ട് കോൺഗ്രസിലേക്ക് എത്തിയ അതേ സാഹചര്യത്തിലാണ് പ്രീ പോൾ സർവേകൾ കോൺഗ്രസിന് സാധ്യതകൾ പ്രവചിക്കുന്നത്. 65,000ലധികം പേർ പങ്കെടുത്ത സർവേയെ അടിസ്ഥാനമാക്കിയാണ് സർവേ എന്നാണ് ലോക് പോൾ പറയുന്നത്. സർവേ ഫലവും വിജയ സാധ്യതകളും കർണാടകയിലെ രാഷ്ട്രീയ സാഹചര്യങ്ങളും വിശദമായി അറിയാം.
2018ലെ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം നിരവധി കാലുമാറ്റങ്ങളും ഉപതെരഞ്ഞെടുപ്പുകളും കണ്ട സംസ്ഥാനമാണ് കർണാടക. 2018 മെയ് മാസത്തിലാണ് കർണാടകയിൽ നിയമസഭ തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. 104 സീറ്റുമായി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.
ഫലപ്രഖ്യാപനത്തിന് പിന്നാലെ വന്ന കോൺഗ്രസ്– ജെഡിഎസ് സഖ്യത്തിന് ഭൂരിപക്ഷമുണ്ടായിട്ടും ഗവർണറെ ഉപയോഗിച്ച് ബിജെപി സർക്കാർ രൂപീകരിച്ചു. ബി എസ് യെദ്യൂരപ്പ മുഖ്യമന്ത്രിയായി. സർക്കാരിന് ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ 15 ദിവസം സമയം നൽകി. ഇതിനെ കോൺഗ്രസും- ജെഡിഎസും സുപ്രീംകോടതിയിൽ ചോദ്യം ചെയ്‌തു. ഇതോടെ സമയം മൂന്നു ദിവസമാക്കി കുറച്ചു. ഭൂരിപക്ഷം തെളിയിക്കാൻ കഴിയില്ലെന്ന് വ്യക്തമായതോടെ നിയമസഭയിൽ വിശ്വാസവോട്ടിന് നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ യെദ്യൂരപ്പ രാജിവച്ചു.