കൊച്ചി: പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോന്‍സന്‍ മാവുങ്കലിന്റെ കലൂരിലെ വീട്ടില്‍ ക്രൈംബ്രാഞ്ച് പരിശോധന. ഡിവൈ.എസ്.പി വൈ.ആര്‍ റസ്റ്റത്തിന്റെ നേതൃത്വത്തിലാണു പരിശോധന നടക്കുന്നത്. വീട് വിട്ടുകിട്ടണമെന്ന ആവശ്യവുമായി മോന്‍സന്‍ കോടതിയെ സമീപിച്ചിരുന്നു.
ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലുള്ള വീട്ടില്‍ മോഷണം നടന്നുവെന്ന പരാതിയുമായി കഴിഞ്ഞ ദിവസം മോന്‍സന്‍ മാവുങ്കലിന്റെ മകന്‍ മനസ് മോന്‍സന്‍ രംഗത്തെത്തിയിരുന്നു. മാര്‍ച്ച് എട്ടിനു വീട്ടില്‍ മോഷണം നടന്നുവെന്നാണു പറയുന്നത്. വിലപിടിപ്പുള്ള വസ്തുക്കള്‍ നഷ്ടമായെന്ന് സംശയമുള്ളതായും എറണാകുളം നോര്‍ത്ത് പൊലീസിനു നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സംഭവത്തില്‍ കോടതി ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
ഈ മാസം ആദ്യത്തില്‍ പുരാവസ്തു തട്ടിപ്പുകേസില്‍ മോന്‍സന്‍ മാവുങ്കല്‍ ഒന്നാം പ്രതിയാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

