ARATHI.T
നീണ്ട ഇടവേളക്ക് ശേഷമാണ് ആകാശ് തില്ലങ്കേരിയും തില്ലങ്കേരിയിലെ സഖാക്കളും വാർത്തകളിൽ നിറയുന്നത്.പാർട്ടിയെ പ്രതിരോധത്തിലാക്കി ആകാശിന്റെയും കൂട്ടാളികളുടെയും ഫേസ്ബുക്ക് പോസ്റ്റുകളിലെ ആഹ്വാനങ്ങളും തുറന്നു പറച്ചിലുകളും ഉണ്ടാക്കിയ ഓളം ചെറുതല്ല.സിപിഎം പുറത്താക്കിയെങ്കിലും സമൂഹ മാധ്യങ്ങളിലും മറ്റുമായി ഒരു പ്രത്യേക ഫാൻ ബേസ് ഉള്ള ആളാണ് ആകാശ്.ക്വട്ടേഷന്‍, കൊലക്കേസ്, സ്വര്‍ണ്ണക്കടത്ത് കേസുകളടക്കം നിരവധി കേസുകളിലെ പ്രതിയുംകൂടി ആണിയാൾ.സി പി എം പാർട്ടി ഗ്രാമമായ തില്ലങ്കേരിയിലെ സജീവ പ്രവർത്തകനായാണ് ആകാശ് വളർന്നത്.സിപിഎമ്മിന്റെ വന്ന്യേരി ബ്രാഞ്ച് അംഗമായിരുന്ന ആകാശ് സിപിഎമ്മിന്റെ സൈബർ പ്രചാരണവുമായി മുന്‍ നിരയിലുണ്ടായിരുന്നു. എകെജി സെന്റര്‍ കേന്ദ്രീകരിച്ചുള്ള സൈബര്‍ പ്രചാരണത്തിലും പ്രവർത്തിച്ചു.പി ജയരാജനോടായിരുന്നു ആകാശിന് പ്രിയം.പി.ജയരാജന്റെ അടുത്ത അനുയായി ആയി മാറിയിരുന്ന ആകാശിന് വലിയ പിന്തുണയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. 2016 ലാണ് തില്ലങ്കേരിയിലെ ആർഎസ്എസ് പ്രവർത്തകൻ മാവില വിനീഷ് വധ കേസ് ഉണ്ടാകുന്നത്.തന്റെഇരുപത്തി ഒന്നാം വയസിൽ കൊലക്കേസ് പ്രതിയായ ആകാശ് അതിന് ശേഷവും പാർട്ടിയിൽ സജീവമായി പ്രവർത്തിച്ചു.കണ്ണൂർ മട്ടന്നൂരിൽ വെച്ച് 2018 ൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതികൂടിയാണ് ആകാശ്. 2018 ഫെബ്രുവരി 12നാണ് സിപിഐഎം പ്രവർത്തകരായ പ്രതികൾ നടത്തിയ ആക്രമണത്തിൽ ഷുഹൈബ് കൊല്ലപ്പെട്ടത്. അർദ്ധരാത്രി കണ്ണൂർ തെരൂരിലെ തട്ടുകടയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് അക്രമിസംഘം ഷുഹൈബിനെ വെട്ടിക്കൊന്നത്.

ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമായിരുന്നു ആക്രമണം. ഷുഹൈബിനെയും കൂടെയുള്ളവരെയും ആശുപത്രിയിലെത്തിക്കുന്നതും ആക്രമികൾ വൈകിച്ചു. ഇതോടെ രക്തം വാർന്നു ഷുഹൈബ് മരിക്കുകയായിരുന്നു.ഇതിൽ പാർട്ടി പ്രതിരോധത്തിൽ ആയതോടെ ആകാശിനെ പുറത്താക്കി. സിപിഎം അംഗമായിരുന്ന ആകാശിനെ ഷുഹൈബ് വധത്തിന് ശേഷമാണ് പാർട്ടി പുറത്താക്കിയത്. ജാമ്യത്തിലിറങ്ങിയതോടെ കൊടിസുനിയുടെ സംഘത്തിൽ ചേര്‍ന്ന ആകാശ് . സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘം ഉണ്ടാക്കി അർജുൻ ആയങ്കിക്കൊപ്പം ചേർന്നു.2021 ജൂൺ 21 ന് രാമനാട്ടുകരയിൽ നടന്ന അഞ്ച് പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തെ തുടർന്ന് പുറത്തുവന്ന സ്വർണക്കടത്ത് കഥകളിലൂടെ കണ്ണൂർ സഖാക്കളും സ്വർണക്കടത്ത് ബന്ധവും അങ്ങനെ പലതായി പുറത്തുവരാൻ തുടങ്ങി.സ്വര്‍ണ്ണക്കടത്ത് കേസില്‍ പാര്‍ട്ടിയുടെ പേര് വലിച്ചിഴച്ചതോടെ സിപിഎം ആകാശിനെതിരെ രംഗത്ത് വന്നു. കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന് വാർത്താ സമ്മേളനം വിളിച്ച് ആകാശ് തില്ലങ്കേരി, അർജ്ജുൻ ആയങ്കി എന്നിവരടക്കം 20 ലേറെ വരുന്ന ക്വട്ടേഷൻ സംഘാംഗങ്ങളുടെ പേരടക്കം പുറത്തുവിട്ട് തള്ളിപ്പറഞ്ഞിരുന്നു.തുടർന്ന് പാർട്ടി പോസ്റ്റുകൾ ഇടുന്നവർ പാർട്ടി പ്രവർത്തകർ അല്ലെന്ന് അന്ന് മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം നടത്തിയ ആകാഷിൻറെ പുതിയ തുറന്നു പറച്ചിലാണ് ഇതിപ്പോൾ കൂടുതൽ പ്രതിരോധത്തിലാക്കിയത് പാർട്ടിക്ക് വേണ്ടി കൊലപാതകം നടത്തിയെന്ന് ആകാശ് തില്ലങ്കേരി ഫേസ്ബുക്ക് കമന്റിലൂടെ വെളിപ്പെടുത്തി.’എടയന്നൂരിലെ പാർട്ടി നേതാക്കളാണ് ഞങ്ങളെക്കൊണ്ടത് ചെയ്യിച്ചതെന്നും ആകാശ് തുറന്നടിച്ചു. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയുടെ എഫ് ബി പോസ്റ്റിന് കമന്റായാണ് ആകാശ് നിർണായക വിവരങ്ങൾ തുറന്നെഴുതിയത്.
‘എടയന്നൂരിലെ പാർട്ടി നേതാക്കളാണ് ഞങ്ങളെക്കൊണ്ട് കൊലപാചതകം നടത്തിച്ചത്. ഞങ്ങൾ വാ തുറന്നാൽ പലർക്കും പുറത്തിറങ്ങി നടക്കാനാകില്ല. ആഹ്വാനം ചെയ്തവർക്ക് പാർട്ടി സഹകരണ സ്ഥാപനങ്ങളിൽ ജോലി കിട്ടി. നടപ്പിലാക്കിയ ഞങ്ങൾക്ക് പട്ടിണിയും പടിയടച്ച് പിണ്ടം വയ്ക്കലുമാണ് നേരിടേണ്ടി വന്നത്. പാർട്ടി തള്ളിയതോടെയാണ് തങ്ങൾ സ്വർണ്ണക്കടത്ത് ക്വട്ടേഷനിലേക്ക് തിരിഞ്ഞത്. തെറ്റിലേക്ക് പോകാതിരിക്കാനോ തിരുത്തിക്കാനോ പാർട്ടി ശ്രമിച്ചില്ല. ക്ഷമ നശിച്ചതുകൊണ്ടാണ് ഇപ്പോൾ തുറന്നുപറയുന്നതെന്നും” ആകാശ് തുറന്നടിക്കുന്നു.കഴിഞ്ഞ ദിവസങ്ങളിലായി ആകാശ് തില്ലങ്കേരിയും അയാളെ അനുകൂലിക്കുന്ന സംഘവും സിപിഎം പ്രാദേശിക നേതാക്കളും തമ്മിൽ ഫേസ് ബുക്കിലൂടെ വാക്ക് തർക്കങ്ങളുണ്ടായിരുന്നു. ഡിവൈഎഫ്ഐ നേതാവ് ഷാജർ, ആകാശിന് ട്രോഫി നൽകിയതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളാണ് സമൂഹമാധ്യമങ്ങളിലും തുടർന്നത്. ഷാജറിനെ കുടുക്കുന്നതിന് വേണ്ടി ആകാശ് മനഃപൂർവ്വമുണ്ടാക്കിയതാണ് പ്രശ്നങ്ങളെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആരോപണം. ഇതിന്റെ തെളിവുകളും പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ സരീഷ് എന്ന ഡിവൈഎഫ് ഐ നേതാവിട്ട പോസ്റ്റിന് കമന്റായാണ് ആകാശ് വെളിപ്പെടുത്തലുകൾ നടത്തിയത്. പാർട്ടിക്ക് വേണ്ടി കൊലപാതകം നടത്തിയെന്ന ആകാശിന്റെ വാക്കുകൾ വാർത്തയായതോടെ ആകാശ് തില്ലങ്കേരിയെ പരാമർശിക്കുന്ന പോസ്റ്റ് ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി സരീഷ് ഡിലീറ്റ് ചെയ്തു.
വെളിപ്പെടുത്തലിന് പിന്നാലെ ആകാശിനെതിരെ സിപിഎമ്മിന് പരാതി ലഭിച്ചു. മട്ടന്നൂരിലെ പാർട്ടി നേതാക്കളെ ആകാശ് തേജോവധം ചെയ്യുകയാണെന്നും സമൂഹമാധ്യമങ്ങളിൽ നേതാക്കളെ അസഭ്യം പറയുന്ന സ്ഥിതിയുണ്ടെന്നും പാർട്ടി ഇടപെടണമെന്ന് ഡിവൈഎഫ്ഐ മട്ടന്നൂർ ബ്ലോക്ക് കമ്മറ്റി ആവശ്യപ്പെട്ടു. ആകാശിന്റെ ക്വട്ടേഷൻ ബന്ധം ചോദ്യം ചെയ്തതാണ് വിരോധമെന്നാണ് ഡിവൈഎഫ്ഐ നേതാക്കളുടെ ആരോപണം.
അതേസമയം സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ പ്രതികരണങ്ങൾക്ക് പിന്നാലെ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തതോടെ ആകാശ് തില്ലങ്കേരി കൂടുതൽ പ്രതിസന്ധിയിലായി.അറസ്റ്റും കീഴടങ്ങലും ജാമ്യവും പുതിയ ഒത്തുകളി ആരോപണവുമായി.അതിനിടെ സ്ത്രീത്വത്തെ അപമാനിച്ചു എന്ന ഡിവൈഫ്ഐ പ്രവർത്തകയുടെ പരാതിയിൽ ജാമ്യമെടുത്തതിന് പിന്നാലെ രണ്ടാമത്തെ കേസിലും ആകാശ് തില്ലങ്കേരി സ്റ്റേഷനിൽ ഹാജരായി. സമൂഹ മാധ്യമങ്ങളിലൂടെ ഭീഷണി മുഴക്കുന്നുവെന്ന് ഡിവൈഎഫ്ഐ നേതാവ് വിനീഷ് ചേലേരി നൽകിയ പരാതിലാണ് ആകാശ് മട്ടന്നൂർ സ്റ്റേഷനിലെത്തിയത്.
കഴിഞ്ഞ ഡിസംബർ മുതലാണ് ആകാശ് തില്ലങ്കേരിയും ഡിവൈഎഫ്ഐയും തമ്മിലുള്ള പോര് കൂടുതൽ കനക്കുന്നത്. മുഴക്കുന്ന് പഞ്ചായത്തിലെ ഒരു പ്രാദേശിക ക്രിക്കറ്റ് ടൂർണമെന്റിൽ ആകാശ് നയിച്ച ടീം ജയിച്ചിരുന്നു. ആകാശിന് ട്രോഫി നൽകിയത് ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയംഗം എം ഷാജറാണ്. ആകാശ് ഷാജറിൽ നിന്നും ട്രോഫി ഏറ്റുവാങ്ങുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ക്വട്ടേഷൻ സംഘമെന്ന് സിപിഎം ചാപ്പ കുത്തിയ ആകാശിന് ഡിവൈഎഫ് ഐ കേന്ദ്ര കമ്മിറ്റിയംഗം ട്രോഫി നൽകിയത് പാർട്ടി പ്രവർത്തകരിൽ രൂക്ഷ വിമർശനത്തിനിടയാക്കി. ഇതേ ചൊല്ലിയുണ്ടായ വിവാദങ്ങൾ സമൂഹമാധ്യമങ്ങളിൽ കുറച്ചുകാലമായി തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ സിപിഎം പ്രാദേശിക നേതാക്കളും ആകാശ് തില്ലങ്കേരിയെ അനുകൂലിക്കുന്നവരും തമ്മിൽ ഫേസ്ബുക്കിൽ തർക്കമുണ്ടായി. അതാണ് വീണ്ടും വെല്ലുവിളിയിലേക്ക് കാര്യങ്ങൾ എത്തിച്ചത്. പ്രാദേശിക നേതാക്കളുടെ പോസ്റ്റുകൾക്കു താഴെ ആകാശ് തില്ലങ്കേരിയിട്ട കമന്റുകളാണ് വിവാദമായത്.
പോസ്റ്റുകൾക്കു താഴെ ആകാശ് തില്ലങ്കേരി കമന്റ് നൽകിയതോടെ പോസ്റ്റുകൾ ഡിലിറ്റ് ചെയ്തു നേതാക്കൾ തടിയൂരി. മട്ടന്നൂർ എടയന്നൂരിലെ പാർട്ടി നേതാക്കളാണ് ഞങ്ങളെ കൊണ്ടു അത് ചെയ്യിച്ചത്. അവർ പല ആഹ്വാനങ്ങളും തരും കേസ് വന്നാൽ തിരിഞ്ഞു നോക്കില്ല. ആഹ്വാനം ചെയ്തവർക്ക് പാർട്ടി സഹകരണ സ്ഥാപനങ്ങളിൽ ജോലികിട്ടി. നടപ്പാക്കിയ ഞങ്ങൾക്ക് പട്ടിണിയും പടിയടച്ചു പിണ്ഡം വയ്ക്കലുമാണ് നേരിടേണ്ടി വന്നത് എന്നുമായിരുന്നു ആകാശ് തില്ലങ്കേരിയുടെ പ്രതികരണം. ഡിവൈഎഫ്ഐ മട്ടന്നൂർ ബ്ളോക്ക് സെക്രട്ടറി സരീഷ് പൂമരം, എസ്എഫ്ഐ മുൻ നേതാവ് പി കെ പ്രഷീദ് തുടങ്ങിയവരുടെ പോസ്റ്റുകൾക്ക് താഴെയാണ് ആകാശ് തില്ലങ്കേരിയുടെ കമന്റുകൾ പ്രത്യക്ഷപ്പെട്ടത്.
ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി പ്രതി സ്ഥാനത്തുള്ളത് പാർട്ടിയും മുൻ പാർട്ടി അനുഭാവിയുമാണ്.നേതാക്കൾ ഓരോരുത്തരായി വന്ന് ആകാശിനെയും കൂട്ടാളികളെയും തള്ളി പറയുമ്പോഴും തെല്ലുപോലും ഒതുങ്ങാത്ത ആകാശിനെ സി പി എം ഭയക്കുന്നുവോ എന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്.ആകാശ് തില്ലങ്കേരിയെ പോലുള്ളവരുടെ വിരൽത്തുമ്പിൽ വിറയ്ക്കുന്ന പാർട്ടിയായി സിപിഎം മാറിയെന്നാണ് പ്രതിപക്ഷ നേതാവ് ഇന്ന് വാർത്ത സമ്മേളനത്തിൽ പറഞ്ഞത്.ക്രിമിനലുകൾക്ക് സമൂഹമാധ്യമങ്ങളിലിടം കൊടുത്തത് സിപിഎമ്മാണ്. ആ ക്രമിനലുകളിപ്പോൾ സിപിഎമ്മിനെ നിയന്ത്രിക്കുന്ന രീതിയിലേക്ക് എത്തി. ആകാശിനെതിരെ എന്താണ് സിപിഎം അന്വേഷണം നടത്താതിരിക്കുന്നതെന്നും സതീശൻ ചോദിക്കുന്നു,എന്തുകൊണ്ട് പ്രതിപക്ഷത്തിന്റെ ഇത്തരം ചോദ്യങ്ങൾക്ക് വ്യക്തമായി ഉത്തരം നൽകാൻ ആർക്കും സാധിക്കുന്നില്ല എന്നാണ് പൊതു ചോദ്യം.അതിനിടെ ആകാശിനെ പിന്തുണക്കുന്ന ഒരു വിഭാഗം പാർട്ടി പ്രവർത്തകർക്കും നേതാക്കൾക്കും സിപിഎം മുന്നറിയിപ്പ് നൽകി സിപിഎം തില്ലങ്കേരി ലോക്കൽ കമ്മറ്റി അംഗങ്ങൾക്കാണ് സിപിഎം നേതൃത്വം താക്കീത് നൽകിയത്. ആകാശിനെ സഹായിക്കുന്നവർ പാർട്ടിയിലുണ്ടാകില്ലെന്ന് നേതൃത്വം വ്യക്തമാക്കി. പാർട്ടി ജില്ലാ സെക്രട്ടറി എംവി ജയരാജൻ പങ്കെടുത്ത ലോക്കൽ കമ്മിറ്റി യോഗത്തിലാണ് കർശന താക്കീത് നൽകിയത്. ഇത്രയും വിഷയങ്ങൾ ഉണ്ടായതിന് പിന്നാലെ ഇനി പ്രകോപനത്തിനില്ലെന്നാണ് ആകാശ് തില്ലങ്കേരി സ്വീകരിച്ചിരിക്കുന്ന നിലപാട്. സിപിഎം സംസ്ഥാന നേതൃത്വം ഇടപെട്ടതോടെ പത്തി മടക്കിയിരിക്കുകയാണ് ആകാശ്. പാർട്ടി അംഗങ്ങളെ സമൂഹമാധ്യമങ്ങളിൽ വെല്ലുവിളിക്കില്ലെന്നും പാർട്ടി ലേബൽ ഉപയോഗിച്ച് സമൂഹമാധ്യമങ്ങളിൽ ഇടപെടില്ലെന്നുമാണ് ആകാശിന്റെയും സംഘത്തിന്റെയും നിലപാട്.

