ബെംഗളുരു: തെലുങ്ക് ചിത്രം ‘മെൻ ടൂ’ വിന്റെ ടീസറാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം. ഫെബ്രുവരി പതിമൂന്നിന് പുറത്തിറക്കിയ ചിത്രത്തിന്റെ ടീസറിനെതിരെ നിരവധി പേരാണ് വിമർശമവുമായി രംഗത്തെത്തിയത്. ഏറെ ചർച്ചയായ മീ ടൂ ക്യാംപെയിനിനെ അപമാനിക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ ടീസർ എന്നാണ് നിരവധി പേരുടെ അഭിപ്രായം.
”Being a man is not easy” എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുന്നത്. ശ്രീകാന്ത് ജി റെഡ്ഡിയാണ് ചിത്രം സംവിധാനം ചെയ്തത്. സ്ത്രീകളില്ലാത്ത ഒരു സ്ഥലമാണ് ഏറ്റവും സമാധാനപൂർണ്ണമായത് എന്ന സന്ദേശവും ചിത്രത്തിന്റെ ടീസറിലൂടെ പറയുന്നുണ്ടെന്നും ഇത് അംഗീകരിക്കാനാകുന്നതല്ലെന്നും ചിലർ വിമർശിച്ചു. മെനോപോസ്, ആർത്തവപ്രശ്‌നങ്ങൾ, മാനസിക സമ്മർദ്ദം എന്നീ വാക്കുകളുടെയെല്ലാം ആരംഭം men എന്ന വാക്കിലാണെന്ന് പറഞ്ഞാണ് ടീസർ ആരംഭിക്കുന്നത്.
പുരുഷൻ എന്നത് നാണമില്ലാത്ത വർഗ്ഗമാണെന്ന് ടീസറിൽ ആദ്യത്തെ കുറച്ച് സമയം പറയുന്നു. ശേഷം അതിന്റെ മറുവശം കാണിക്കുന്നു. സ്ത്രീകളുടെ ഇരയാക്കപ്പെടുന്ന പുരുഷൻമാർ എന്ന നിലയിലാണ് പിന്നീട് പുരുഷൻമാരെ ടീസറിൽ അവതരിപ്പിക്കുന്നത്. അങ്ങനെ കാണിക്കുന്ന വിവിധ സീനുകളും ടീസറിലുണ്ട്. ഒന്നാമത്തേത് ഒരു സ്ത്രീയുടെ പരാതി കാരണം ജോലിയിൽ നിന്ന് പിരിച്ചുവിടപ്പെട്ട പുരുഷൻ.
രണ്ടാമതായി ഭർത്താവിനെക്കൊണ്ട് വസ്ത്രങ്ങൾ അലക്കിപ്പിക്കുന്ന ഭാര്യ. ഏറ്റവും ഒടുവിൽ ഈ പുരുഷൻമാരെല്ലാം ഒരു സ്ഥലത്ത് ഒത്തുച്ചേർന്ന് വളരെ സമാധാനമായി നിൽക്കുന്നു. സ്ത്രീകൾ അടുത്ത് ഇല്ലാത്തത് കൊണ്ടാണ് ഈ സമാധാനം എന്ന രീതിയിലാണ് ടീസർ അവസാനിക്കുന്നത്. തുടർന്ന് നിരവധി പേരാണ് ടീസറിന്റെ പ്രമേയത്തെ വിമർശിച്ച് രംഗത്തെത്തിയത്. ട്വിറ്ററിലാണ് നിരവധി പേർ ചിത്രത്തിന്റെ ടീസറിനെതിരെയുള്ള തങ്ങളുടെ വിമർശനങ്ങൾ കുറിച്ചത്.
”വളരെ വിഷമകരമാണ്. പുരുഷൻമാർക്ക് പ്രശ്‌നങ്ങളില്ല എന്ന് ഇവിടെ ആരും പറഞ്ഞിട്ടില്ല. പ്രശ്‌നങ്ങൾ പരിഹരിക്കുക തന്നെ വേണം. എന്നാൽ അതിന് സ്ത്രീകളെ ഭീകരരൂപികളായി ചിത്രീകരിക്കേണ്ടതില്ല. ഇത് വാട്‌സ് ആപ്പ് അങ്കിളുമാരെ പോലെയുണ്ട്,’ എന്നാണ് ഒരാൾ കമന്റ് ചെയ്തത്. ഇതൊരു തമാശയാണോ എന്നാണ് ഒരാൾ ചോദിച്ചത്. ഒരു പ്രധാനപ്പെട്ട ക്യാംപെയ്‌നിനെ ഇങ്ങനെ ചിത്രീകരിക്കുന്നത് അംഗീകരിക്കാനാകില്ല. പുരുഷൻമാർ ഇരകളാകുന്നു എന്ന രീതിയിൽ ചിത്രീകരിക്കുന്നത് ഖേദകരമാണ് എന്നാണ് മറ്റൊരാൾ ട്വിറ്ററിൽ കുറിച്ചത്.
‘ മീ ടൂ എന്നത് ജെൻഡർ വ്യത്യാസമില്ലാതെ എല്ലാവർക്കും തങ്ങൾക്ക് ഉണ്ടായിട്ടുള്ള മോശം അനുഭവങ്ങൾ തുറന്ന് പറയാൻ ശക്തി നൽകുന്ന ഒരു ക്യാംപെയ്ൻ ആണ്. പുരുഷൻമാരും ഇരകളാക്കപ്പെടുന്നുണ്ട്. സമ്മതിക്കുന്നു. ചിത്രത്തിന്റെ പ്രമേയം ഒന്നും ഞാൻ നോക്കുന്നില്ല. എന്നാൽ ഇങ്ങനെ ചിത്രത്തിന് പേരിടുന്നത് ശരിയല്ല,’ എന്നാണ് ഒരാൾ കമന്റ് ചെയ്തത്. ശ്രീകാന്ത് ജി റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രമാണ് മെൻ ടൂ. നരേഷ് അഗസ്ത്യ ബ്രഹ്മാജി, ഹർഷ്‌സ്, ചേമുടി, റിയ സുമന, പ്രിയങ്ക ശർമ്മ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്.

