ദില്ലി : ജിഎസ്ടി നഷ്ടപരിഹാര കാലാവധി നീട്ടണമെന്ന് ജിഎസ്ടി കൌൺസിൽ യോഗത്തിൽ വശ്യപ്പെടുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. ജിഎസ്ടി നടപ്പാക്കിയതോടെ കേരളത്തിന് 16% നികുതി കിട്ടിയിരുന്നത് ഒറ്റയടിക്ക് 11% ആയെന്നും വരുമാന നഷ്ടം നികത്താൻ നഷ്ടപരിഹാര പാക്കേജ് കൂടുതൽ വർഷത്തേക്ക് നീട്ടണമെന്നുമാണ് ആവശ്യപ്പെടുക. ജിഎസ്ടി കൌൺസിൽ യോഗത്തിൽ ഇക്കാര്യം ശക്തമായി ഉന്നയിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനങ്ങളുടെ പരിമിതമായ വരുമാനത്തിനകത്ത് കേന്ദ്രം കയ്യിടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പെട്രോൾ, ഡീസൽ എന്നിവയിൽ കേന്ദ്രസർക്കാർ സെസ് ചുമത്തുകയാണ്. സംസ്ഥാനത്തിന്റെ അവകാശത്തിൽ പെട്ടതാണ് ഇന്ധനം. അതിനുമുകളിൽ കേന്ദ്രസർക്കാരിന് നികുതി ചുമത്താൻ അവകാശമില്ല. ഇത് നിർത്തണമെന്ന് സംസ്ഥാനങ്ങൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.